അടൂർ : നഗര ഹൃദയത്തിലെ ഹൈമാറ്റ്സ് ലൈറ്റുകളും തെരുവ് വിളക്കുകളും ഇനി പ്രകാശം പരത്തും. തകരാറിലായ വഴിവിളക്കുകൾ നന്നാക്കുവാൻ നഗരസഭ മുന്നിട്ടിറങ്ങും. പ്രവർത്തന രഹിതമായി കിടന്ന 5 ഹൈമാറ്റ്സ് ലൈറ്റുകൾ പ്രകാശിപ്പിച്ചു. നെല്ലിമൂട്ടിൽപടി മുതൽ നഗരസഭാ അതിർത്തിയായ ഹൈസ്കൂൾ ജംഗ്ഷൻവരെയുള്ള തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതോടെ നഗരഹൃദയം പ്രകാശപൂരിതമാകും. ബൈപ്പാസ് റോഡായിരുന്നു കനത്ത ഇരുട്ടിലായിരുന്നത്. രണ്ട് ഘട്ടങ്ങളിലായി ചെയ്ത പദ്ധതികൾ ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഇതോടെ പ്രധാന പാതയോരം പൂർണ്ണമായും ഇരുളിലായി.

ഹൈസ്കൂൾ ജംഗ്ഷനിൽ കെ.പി റോഡും എം.സി റോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനിൽ ഒരു തെരുവ് വിളക്കുകൾ പോലുമില്ല. ഇതോടെ സന്ധ്യയാൽ പ്രദേശം പൂർണ്ണമായും ഇരുളിലാണ്. ആദ്യം കെ.എസ്.ടി. പി സ്ഥാപിച്ച തെരുവ് വിളക്കുകൾ 4 വർഷം മുൻപാണ് നഗരസഭയ്ക്ക് കൈമാറിയത്. അടൂർ - കഴക്കൂട്ടം സുരക്ഷാ ഇടനാഴിയായുള്ള വികസനത്തോടെ നേരത്തെ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ അണ്ടർ ഗ്രൗണ്ട് കേബികളുകൾ മുറിഞ്ഞുപോയി. 15 ലൈറ്റുകൾക്ക് ഒരു ടൈമർ എന്ന നിലയിലായിരുന്നു കേബിളുകൾ സ്ഥാപിച്ചത്. സുരക്ഷാ ഇടനാഴിയുടെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകളും പലയിടത്തും പ്രകാശിക്കാതെയായി. ഇതോടെയാണ് നഗരഹൃദയം പൂർണ്ണമായും ഇരുളിലായത്. ഒട്ടേറെ പരാതികൾക്കൊടുവിലാണ് നഗരസഭ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തിയത്.

പ്രവർത്തന സജ്ജമാക്കിയ ഹൈമാറ്റ്സ് ലൈറ്റുകൾ

പടക്കോട് ജംഗ്ഷൻ

നെല്ലിമൂട്ടിൽപടി

സെൻട്രൽ ജംഗ്ഷൻ

കെ.എസ്.ആർ.ടി.സി ജംഗ്ഷൻ

കരുവാറ്റ പള്ളി ജംഗ്ഷൻ

പുതിയതായി ഹൈമാറ്റ്സ് ലൈറ്റുകൾ

ആനന്ദപ്പള്ളി ജംഗ്ഷൻ

അടൂർ ഹൈസ്കൂൾ ജംഗ്ഷൻ.

ബൈപാസ് റോഡിൽ സ്ഥാപിക്കുന്നത്

50 സോഡിയം ഹാലജൻ തെരുവ് വിളക്കുകൾ