പത്തനംതിട്ട - തടിയൂർ കാവുമുക്ക് വിജയഭവനിൽ അഭിലാഷി (31) ന്റെ കൊലയാളികളെ പൊലീസ് സംരക്ഷിക്കുന്നതായി മാതാപിതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മൂത്ത മകൻ അനീഷിനെ പ്രതിയാക്കി യഥാർത്ഥ കൊലയാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അനീഷ് 70 ദിവസമായി ജയിലിലാണ്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് അച്ഛൻ ഗോപിനാഥൻനായരും അമ്മ ഷൈലാമണിയും ആവശ്യപ്പെട്ടു.
മേയ് 23 ന് രാവിലെയാണ് അഭിലാഷിനെ വീടിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ റബർതോട്ടത്തിൽ മരിച്ചനിലയിൽ കണ്ടത്. തലേ ദിവസം അഭിലാഷും കൂട്ടുകാരും ഇവിടിരുന്ന് മദ്യപിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിൽ ഒരാളാണ് അഭിലാഷ് മരിച്ച വിവരം വീട്ടിൽ വന്ന് അറിയിച്ചത്. 22ന് രാത്രി കൂട്ടുകാരുമൊത്ത് കിടങ്ങന്നൂർ ബിവറേജസിലെത്തി മദ്യം വാങ്ങിയിരുന്നു. എന്നാൽ അഭിലാഷിന്റെ മൂത്ത സഹോദരൻ അനീഷിനെ പൊലീസ് പ്രതിയാക്കി റിമാൻഡ് ചെയ്തു. അനീഷ് നിരപരാധിയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അഭിലാഷ്.
മരിക്കുമ്പോൾ അഭിലാഷിന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയെപ്പറ്റി ഒരു വിവരവും ഇല്ല. പെയിന്റിംഗ് ആവശ്യത്തിനായുള്ള പണമായിരുന്നു അത്. കൈ കാലുകൾ തല്ലിച്ചതച്ചതായും നെഞ്ചിലും വയറ്റിലും ചവിട്ടേറ്റതായും തലയ്ക്ക് പിന്നിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. അഭിലാഷിനെ താൻ കൊന്നതായി അന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിൽ ഒരുവൻ വിളിച്ചുപറയുന്നത് നാട്ടുകാരിൽ ചിലർ കേട്ടിരുന്നു. അഭിലാഷിന് പണം നൽകാനുള്ളവരെപ്പറ്റി അന്വേഷിക്കുകയോ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്യുകയോ ഫോൺകോളുകൾ പരിശോധിക്കുകയോ പൊലീസ് ചെയ്തിട്ടില്ല. മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതികൾ നൽകിയിട്ടും അന്വേഷണം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്..