മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസം 6ന് എതിരെ 7 വോട്ടിന് പാസായി. ഇന്നലെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കോൺഫറൻസ് ഹാളിൽ ചർച്ചക്ക് ശേഷം നടന്ന വോട്ടെടുപ്പിലാണ് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ എൽ.ഡി.എഫ്. പ്രസിഡന്റ് മനുഭായി മോഹൻ പുറത്തായത്. ഭരണ സമിതിയുടെ ആദ്യഘട്ടത്തിൽ കോൺഗ്രസിനായിരുന്നു ഭരണം. ജനുവരിയിൽ എൽ.ഡി.എഫ് നൽകിയ അവിശ്വാസ വോട്ടെടുപ്പിൽ യു.ഡി.എഫ് അംഗം കവിയൂർ ഡിവിഷനെ പ്രതിനിധീകരിക്കുന്ന കെ. ദിനേശ് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഭരണം ഇടത് പാളയത്തിലായി. അന്ന് പ്രസിഡന്റായിരുന്ന ശോശാമ്മ തോമസും വൈസ് പ്രസിഡന്റായിരുന്ന കുഞ്ഞുകോശി പോളും അധികാര മൊഴിഞ്ഞു. പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് നടന്ന് അധികാരങ്ങൾ പങ്കുവച്ചു. യു.ഡി.എഫ് കൂറമാറ്റ നിരോധന നിയമപ്രകാരം കെ. ദിനേശിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഈ പരാതിയിൽ അന്തിമ തീരുമാനം വരാനിരിക്കെയാണ് പ്രസിഡന്റിന് എതിരെ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പാർലമെന്ററി പാർട്ടിയിൽ ആലോചിക്കാതെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗവും വൈസ് പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി രംഗത്തെത്തി. ഇതോടെ അധികാര വടംവലി രൂക്ഷമായി. ഇന്നലെ നടന്ന വോട്ടെടുപ്പോടെ ഊഹാപോഹങ്ങൾക്കും രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്കും താൽക്കാലിക വിരാമമായി. അവിശ്വാസം പാസായതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ വീണ്ടും സജീവമായി.