1

പഴകുളം: അശാസ്ത്രീയമായ നിർമാണങ്ങൾ എങ്ങനെ വിനയാകും എന്നതിന്റെ തെളിവാണ് ചിറകോണിൽ ചിറയുടെ പതനം. റോഡ് നിർമാണത്തിനായി ചിറകോണിൽ ചിറയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത് ജല സമൃദ്ധിയുടെ നല്ലകാലത്തിനെയാണ്. ഇരുപത് വർഷം മുൻപ് വരെ നാട്ടുകാർ കുടിവെള്ളത്തിന് വരെ ആശ്രയിച്ചിരുന്നത് 80സെന്റിലധികം വരുന്ന ചിറയേയായിരുന്നു. നാച്ചിങ്ങയിൽ പട്ടികജാതി കോളനിയുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമിച്ചപ്പോൾ ഉയരത്തിലുള്ള റോഡിലൂടെ ഒഴുകിവരുന്ന വെള്ളവും മണ്ണും കുളത്തിലേക്കായി. കുളം ചെളിവെള്ളം നിറഞ്ഞ് ഉപയോഗയോഗ്യമല്ലാതായി. ക്രമേണ മണ്ണ് വീണ് ചിറ നികരാൻ തുടങ്ങി. ഇന്ന് കഷ്ടിച്ച് അൻപത് സെന്റിലൊതുങ്ങും ചിറ. ചെടികൾ വളർന്ന് മൈതാനമായി ചിറമാറി.

ചിറ അളന്ന് തിട്ടപ്പെടുത്തണം

ചിറ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. 2009 ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ചിറ അളക്കാൻ തീരുമാനമെടുത്ത് താലൂക്ക് സർവെയർക്ക് കത്ത് നൽകി. അളക്കുന്നതിനായി റവന്യുവിഭാഗം എത്തി. പക്ഷേ അളവ് നടന്നില്ല.

ചിറ നിലവിലുള്ളടത്ത് നിന്ന് അളന്നാൽ മതിയെന്നായിരുന്നു ചിലരുടെ തർക്കം. അളവുകാർ തിരിച്ചുപോയി. പഞ്ചായത്ത് നിശബ്ദത പാലിച്ചു. ചിറ വീണ്ടും പഴയപടി.

ചിറ സംരക്ഷിക്കണം

കാവും കുളവും സംക്ഷിക്കാൻ നീണ്ട പദ്ധതികളുണ്ട് . ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാവുന്നതാണ്. ചിറ അളക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകാവുന്ന തർക്കങ്ങളെ ഭയന്നാണ് പഞ്ചായത്ത് മൗനം തുടരുന്നതെന്നാണ് ആക്ഷേപം.

കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും

ചിറസംരക്ഷിച്ചാൽ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസമാകും. നാച്ചിങ്ങയിൽ പട്ടികജാതികോളനിയിൽ

വേനലിന്റെ തുടക്കത്തിലേ കനത്ത കുടിവെള്ളക്ഷാമമാണ്. ചിറയിൽ കിണർസ്ഥാപിച്ച് ഇവിടെ ശുദ്ധജലവിതരണ പദ്ധതി ആരംഭിക്കാവുന്നതാണ്.

ബിനു, പ്രദേശവാസി.

ഉയരത്തിലുള്ള റോഡിൽ നിന്ന് ഒലിച്ചുവരുന്നവെള്ളം ചിറയിലേക്കിറങ്ങാതിരിക്കാനുള്ള നിർമാണപ്രവർത്തനങ്ങളാണ് ആദ്യം നടത്തേണ്ടത്. ചിറ സംരക്ഷിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കണം.

അന്ന്

80സെന്റ്

ഇന്ന്

50സെന്റ്