തിരുവല്ല: ശക്തമായി വീശിയടിച്ച കാറ്റിലും കനത്ത മഴയിലും മരം വീണ് ഒരു വീട് പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ബുധനാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായിരുന്നു മഴയ്ക്കൊപ്പം കാറ്റ് വീശിയത്. പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് ഏറെ നാശം. കടപ്ര വില്ലേജിൽ നിരണം വടക്കുംഭാഗം വാത്തുത്തറയിൽ മധുവിന്റെ വീടാണ് പൂർണമായും തകർന്നത്. സ്വന്തം പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി കടപുഴകി വീഴുകയായിരുന്നു. നിരണം വടക്കുംഭാഗം ഷംനാ മൻസിലിൽ ബഷീറിന്റെ വീടും കടപ്ര പുത്തൻപുരയ്ക്കൽ ജേക്കബിന്റെ വീടും മരം വീണ് ഭാഗികമായി തകർന്നു. പെരിങ്ങര ചാത്തങ്കരി കൊട്ടാണിപ്പറയിൽ കെ.ടി മാത്യു, നിരണം ഒന്നാം വാർഡിൽ കിഴക്കേക്കര ശശി, നിരണം അഞ്ചാം വാർഡിൽ കാടുവെട്ടിൽ കെ ജെ ജോസഫ്, . കാവുംഭാഗം മൂവിത്തേത് വീട്ടിൽ കമലാഭായി, കാവുംഭാഗം ചൊക്കമഠത്തിൽ ഗണേശ് എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു..
നെടുമ്പ്രം അഞ്ചാം വാർഡ് മെമ്പർ ചന്ദ്രലേഖയുടെ വീടിന് മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിലെ പ്ലാവ് ബുധനാഴ്ച രാത്രി മറിഞ്ഞു വീണു. രണ്ട് മുറികളുടെ മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.