പത്തനംതിട്ട -മഴ കനത്തതോടെ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു നാളെ മഞ്ഞ അലർട്ടും.രണ്ടു താലൂക്കുകളിലായി അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. ഡാമുകളിലെ ജലനിരപ്പ് ഉയരാൻ തുടങ്ങി. മണിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ സ്പിൽ വേ ഷട്ടറുകൾ തുറന്നു. അധികജലം കക്കാട് ആറ്റിലേക്ക് ഒഴുക്കാനുള്ള സാഹചര്യം നിലനിൽക്കുന്നു. ഇതിനാൽ കക്കാട്, പമ്പ നദീതീരവാസികൾ ജാഗ്രത പാലിക്കണം. പമ്പ, കക്കി, ശബരിഗിരി പോലുള്ള പ്രധാന ഡാമുകളിലെ നിലവിലെ സംഭരണം പരമാവധി സംഭരണ ശേഷിയുടെ 25 മുതൽ 30 ശതമാനം മാത്രമേ ഉള്ളൂ. അതേസമയം, ചെറിയ സംഭരണ ശേഷിയുള്ള ചെറുകിട ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
റാന്നി താലൂക്കിലെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിൽ വെള്ളം കവിഞ്ഞ് ഒഴുകുന്നതിനാൽ കുറുമ്പൻ മൂഴി കോളനിയിലേക്ക് പോകുന്ന കോസ് വേയിൽ വെള്ളം കയറി. മഴ ശക്തമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കോളനി നിവാസികൾക്ക് ജാഗ്രത നിർദേശം നൽകി. ആവശ്യമെങ്കിൽ കോളനിയിൽ നിന്ന് ഇവരെ ക്യാമ്പിലേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതർക്കും ഫയർ ഫോഴ്‌സിനും നിർദേശം നൽകി.
പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഭക്തർ പമ്പയിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാൻ ഫയർഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.