relief-camp
ഇരുവെള്ളിപ്ര സെന്റ് തോമസ് സ്ക്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ മന്ത്രി കെ.രാജു സന്ദർശനം നടത്തിയപ്പോൾ

തിരുവല്ല: "വർഷത്തിൽ നാലും അഞ്ചും തവണ ഞങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ പോകണം സാറേ.. .മഴയൊന്നു കനത്താലുടൻ ഞങ്ങടെ വീടുകളിലെല്ലാം വെള്ളം കയറും. ഒരാഴ്ചയിലേറെ പിന്നെ ക്യാമ്പിലാണ്". ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച വനം മന്ത്രി കെ. രാജുവിനോടാണ് തിരുമൂലപുരം മംഗലശ്ശേരി കോളനിവാസികൾ പരിഭവം പറഞ്ഞത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാലുടൻ ഈ കോളനിയിലും വെള്ളം കയറും. ഈ പ്രശ്നം പരിഹരിക്കാനായി മണിമലയാറ്റിലെ വരാൽ തോട്ടിൽ ചീപ്പ് സ്ഥാപിച്ചിട്ടും ഇവരുടെ ദുരിതത്തിന് അറുതിയില്ല. വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ച താമസക്കാരാണ് ഇവിടെയുള്ളത്. ഇതുപോലെ ദുരിതം അനുഭവിക്കുന്ന തിരുമൂലപുരത്തെ മറ്റു രണ്ടു കോളനികളാണ് അടമ്പടയും ഞവനാകുഴിയും. ഇവിടുത്തെ കുടുംബങ്ങളും ക്യാമ്പിലുണ്ട്. വരാൽ തോട്ടിലെ ഷട്ടറുകൾ ബലപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു അവലോകനയോഗത്തിൽ പറഞ്ഞു. ഇവിടുത്തെ 33 കുടുംബങ്ങളിലെ 142 പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. മാത്യു ടി. തോമസ് എം.എൽ.എ, ജില്ലാ കളക്ടർ പി.ബി. നൂഹ്, സബ് കളക്ടർ വിനോയ് ഗോയൽ, തഹസിൽദാർ മുരളീധരൻ പിള്ള, കുറ്റപ്പുഴ വില്ലേജ് ഓഫിസർ സുനു തോമസ്, നഗരസഭാ സെക്രട്ടറി കെ.എ ബിജൂ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജി.രതീഷ്‌കുമാർ, വാർഡ് മെമ്പർ എം.സി അനീഷ് കുമാർ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ദുരിതാശ്വാസ ക്യാമ്പിലെത്തി