മല്ലപ്പള്ളി: കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അനുവദിപ്പിച്ച് നൽകിയ പണം വിനിയോഗിക്കുന്നതിൽ മാത്യു ടി. തോമസ് എം.എൽ.എ ഗുരുതരമായ അനാസ്ഥ കാട്ടിയെന്ന് മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ വെണ്ണിക്കുളത്ത് പറഞ്ഞു. മല്ലപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾപടി - പുല്ലാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ വെണ്ണിക്കുളം പി.ഡബ്ല്യു.ഡി. ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ അഭ്യർത്ഥനപ്രകാരം കേന്ദ്രത്തിൽ നിന്ന് 12 കോടി രൂപാ അനുവദിച്ച് നൽകിയിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന എം.എൽ.എ കാട്ടുന്ന അനാസ്ഥയും ജലവിഭവ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിൽ വന്ന കാലതാമസവുമാണ് നിർമ്മാണത്തിന് തടസമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.ജെ. കുര്യന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴികളടച്ചു. പുറമറ്റം മണ്ഡലം പ്രസിഡന്റ് ബോബൻ ജോൺ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, ഡി.സി.സി സെക്രട്ടറി അഡ്വ. റെജി തോമസ്, ഡോ. സജി ചാക്കോ, രാജു പുളിമൂടൻ, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് റയ്ച്ചൽ ബോബൻ, ടി. ജി. രഘുനാഥപിള്ള, ലാലു തോമസ്, കെ.ജി. സാബു, പി.എം.റെജിമോൻ, ജെറി മാത്യു, കൃഷ്ണകുമാർ തെള്ളിയൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത്കുമാർ, അംഗങ്ങളായ റെന്നി സനൽ, ആശ ജയപാലൻ, ഇ.ടി.രവി, രജനി ജയരാജൻ, ബിജു പുറത്തൂടൻ, പി.സി. ഷാജഹാൻ, നജീവ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.