angadikkal
അങ്ങാടിക്കൽ വടക്ക്കുറ്റിച്ചിറക്കടവിൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കുടുംബത്തെ ബോട്ടിൽ ക്യാമ്പിലെത്തിക്കുന്നു.

ചെങ്ങന്നൂർ: പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ചെങ്ങന്നൂർ പ്രളയ ഭീതിയിലാണ്. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നതോടെയാണ് പമ്പയിലെ ജലം വൻതോതിൽ ഉയർന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിയതിനെ തുടർന്ന് മൂന്ന് ദിരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മകൾ ഉളളതിനാൽ എമർജൻസി കിറ്റ് ഉൾപ്പടെ തയ്യാറാക്കിയാണ് ജനം കരുതിയിരിക്കുന്നത്. മഴ കൂടുതൽ ശക്തി പ്രാപിച്ചാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് ആരംഭിച്ചു. പൊലീസിനും ഫയർഫോഴ്‌സിനും പുറമെ ദുരന്തനിവാരണ സേനയുടെ പ്രവർത്തനം ആവശ്യമാണെങ്കിൽ സാദ്ധ്യമാക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു.
ചെങ്ങന്നൂർ കീഴ്‌ച്ചേരി മേൽ ജെ.ബി.സ്‌കൂളിൽ മൂന്ന് കുടുംബത്തിൽപ്പെട്ട 12 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നാല് കുടുംബത്തിൽപ്പെട്ട 13 പേരും, എണ്ണയ്ക്കാട് കെൽട്രോൺ ബിൽഡിംഗിലെ ദുരിതാശ്വാസ ക്യാമ്പിൽ 10 കുടുംബത്തിലെ 45 അംഗങ്ങളുമാണ് ഉളളത്. അങ്ങാടിക്കൽ എസ്.ഇ.ആർ.വി സ്‌കൂളിലും പാണ്ടനാട് വില്ലേജിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവൻവണ്ടൂരും എണ്ണയ്ക്കാട്ടും പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്ക് ആളുകൾ രാത്രി വൈകിയും എത്തിക്കൊണ്ടിരിക്കുകയാണ്.
രാത്രി കക്കിഡാം തുറന്നതോടെ ചെങ്ങന്നൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളായ ഇടനാട്, മംഗലം, പുത്തൻകാവ്, അങ്ങാടിക്കൽ, കോലാമുക്കം, കീഴ്‌ച്ചേരിമേൽ, കോടിയാട്ടുകര, മുണ്ടൻകാവ്, പാണ്ടനാട്, കുത്തിയതോട്, മുറിയായിക്കര, മിത്രമഠം, തിരുവൻവണ്ടൂർ ഇരമല്ലിക്കര, പ്രയാർ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി.
കിഴക്കൻ മലയോര മോഖലയിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന അഭ്യൂഹം അച്ചൻകോവിലാറിന്റെ തീരത്തു താമസിക്കുന്നവരേയും ആശങ്കയിലാക്കി. വെണ്മണി ചെറിയനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ആശങ്കയോടെ കഴിയുന്നത്.
കനത്ത കാറ്റിലും മഴയിലും മരങ്ങൾ വ്യാപകമായി കടപുഴകി വീണ് വീടുകൾക്കും, വൈദ്യുതി ലൈനുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ഇതോടെ താലൂക്കിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി വൈദ്യുതി പുനസ്ഥാപിക്കാനുളള ശ്രമം തുടരുകയാണ്. കാറ്റിലും മഴയിലും കർഷകർക്കും കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുളളത്. ഓണം മുന്നിൽകണ്ട് കൃഷിചെയ്ത ഏത്തവാഴ, കപ്പ, ചേന, ചേമ്പ് പച്ചക്കറി കൃഷികൾ എന്നിവയ്ക്കാണ് വ്യാപകമായി നാശം സംഭവിച്ചിത്.