പത്തനംതിട്ട: അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് 70 പേരടങ്ങുന്ന സൈന്യത്തിന്റെ മൂന്നു കോളം ടീമും ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 25 പേരടങ്ങുന്ന ഒരു ടീമും ജില്ലയിൽ എത്തി. സൈന്യത്തിന്റെ ഒരു ടീമിനെ തിരുവല്ലയിലും എൻ.ഡി.ആർ.എഫിനെ റാന്നിയിലും നിയോഗിച്ചു.
ജില്ലയിൽ ദിവസങ്ങളായി ചെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തനത്തിനായി കേന്ദ്ര സേനയും എൻ.ഡി.ആർ.എഫും എത്തിയത്.
എൻ.ഡി.ആർ.എഫിന്റെ 25 അംഗങ്ങളും നാല് ബോട്ടുകളും അടങ്ങുന്ന ഒരു ടീമും സൈന്യത്തിന്റെ ഓഫീസറുൾപ്പെടെ 70 പേരടങ്ങുന്ന ടീമുമാണ് എത്തിയിട്ടുള്ളത്. 22 പേർ അടങ്ങുന്ന മൂന്ന് സംഘങ്ങളാണ് സൈന്യത്തിൽ ഉള്ളത്. സൈന്യത്തിന്റെ ബോട്ടും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ തുടങ്ങിയ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനും മറ്റും സൈന്യത്തെ ഉപയോഗിക്കും.
റാന്നി ഗസ്റ്റ് ഹൗസിലാണ് എൻ.ഡി.ആർ.എഫ് ക്യാമ്പുചെയ്യുന്നത്. സൈന്യത്തിന്റെ 22 പേരടങ്ങുന്ന ഒരു ടീം തിരുവല്ല ഡി.ടി.പി.സി സത്രത്തിലാണ് ക്യാമ്പുചെയ്യുക. ബാക്കി രണ്ട് ടീമിനെ അടിയന്തര സാഹചര്യമുണ്ടെങ്കിൽ ആവശ്യമുള്ള സ്ഥലത്ത് വിന്യസിക്കും. ഈ റിസേർവ്ഡ് ടീം കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ക്യാമ്പു ചെയ്യും.