കടമ്പനാട് മണ്ണടി ഉടയാൻകുളത്ത് സീറോ ലാന്റ് പദ്ധതി പ്രകാരം സർക്കാർ നൽകിയ ഭൂമിയിൽ വീടുവച്ചവർ വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്നു. മാവില വടക്കേതിൽ മീരാകുട്ടി റാവുത്തറും ഭാര്യ ഹാജിറാ ബീവിയും കാത്താടിവിളയിൽ ഐഷാബീവിയും ഉൾപ്പെടെയുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കറുത്ത നിറത്തിലുള്ള മലിനജലം വീടുകൾക്ക് ചുറ്റിലും കെട്ടിക്കിടക്കുകയാണ് . 2011 ൽ സീറോ ലാന്റ് പദ്ധതി പ്രകാരം 22 കുടുംബങ്ങൾക്കാണ് ഇവിടെ മൂന്ന് സെന്റ് വീതം ഭുമി അനുവദിച്ചത് . നാല് കുടുംബങ്ങളാണ് താമസിക്കുന്നത്.. മൂന്ന് വീടുകളുടെ നിർമ്മാണം നടന്നുവരുന്നു. ഭൂമി ലഭിച്ച മറ്റുള്ളവർ വെള്ളകെട്ട് കാരണം വീട് വയ്ക്കാൻ തയ്യാറായിട്ടില്ല. സർക്കാർ നൽകിയ ഭൂമിയിൽ സർക്കാർതന്നെ വീടുവയ്ക്കാൻ ധനസഹായം നൽകുന്നുണ്ടെങ്കിലും ഇതിന് കാലതാമസം വന്നതോടെ മണ്ണടി ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീട്ടിലാണ് മീരാകുട്ടി റാവുത്തറും ഹാജിറാ ബീവിയും താമസിക്കുന്നത്. ഇതിനോടു ചേർന്നുള്ള വീട്ടിലാണ് വൃദ്ധയായ ഐഷാബീവി. മണകണ്ടം ഏലയുടെ തലക്കുളമായിരുന്നു ഇൗ ഭൂമി. ഭൂമി പട്ടയമായി നൽകുന്നതിന് തീരുമാനിച്ചപ്പോൾ വീടുവയ്ക്കുന്നതിന് അനുയോജ്യമല്ലന്ന് കാട്ടി മണ്ണടി പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർക്കാരിനും,പത്തനംതിട്ട ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.വെള്ളക്കെട്ടൊഴിവാക്കാൻ മണ്ണിട്ട് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ അധികൃതർ അവഗണിക്കുകയായിരുന്നു.