image
പണി പുരോഗമിക്കുന്ന റോഡ്

പത്തനംതിട്ട: പൊലീസ് സ്റ്റേഷൻ റോഡിലൂടെ ഇനി സുരക്ഷിതമായി കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാം. ഒരു വശത്തെ ഓടയുടെ നവീകരണവും നടപ്പാതയിൽ ടൈൽ പാകുന്ന പണികളും പൂർത്തിയായി. വശത്ത് കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ജംഗ്ഷൻ മുതൽ നഗരസഭ കാര്യാലയം വരെയുള്ള 125 മീറ്റർ ഭാഗമാണ്‌ റോഡിന് ഇരു വശത്തുമായി നവീകരിക്കുന്നത്. പൊതുമരാമത്ത് 25 ലക്ഷം രൂപാ ചെലവിലാണ് പണികൾ ചെയ്യുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓട മാലിന്യം നിറഞ്ഞ്‌ തകർന്നുകിടക്കയായിരുന്നു. മാലിന്യം മുഴുവൻ നീക്കിയശേഷമാണ് നവീകരണം നടക്കുന്നത്. ഇവിടെ റോഡിന് പൊതുവെ വീതി കുറവാണ്. ചന്ത ദിവസങ്ങളിൽ റോഡിൽ വലിയ ഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ലോറികൾ മാർക്കറ്റിലേക്കുള്ള സാധനങ്ങളുമായി എത്തിയാൽ വലിയ ഗതാഗത കുരുക്കാണ് ഇവിടെ.

പൊലീസ് സ്റ്റേഷൻ റോഡിൽ കാൽനട യാത്ര ദുഷ്‌കരം

വാഹനങ്ങൾ പോകുന്ന വീതി കുറഞ്ഞ പൊലീസ് സ്റ്റേഷൻ റോഡിൽ കാൽനട യാത്ര ദുഷ്‌കരമായിരുന്നു. നടപ്പാത കൈയേറ്റത്തിനെതിരെ പൊതുമരാമത്തോ നഗരസഭയോ നടപടി സ്വീകരിച്ചിട്ടില്ല.നഗരത്തിലെ മറ്റ് പ്രധാന ഭാഗങ്ങളിലെ വളവുകളിലും അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളും പൊതുമരാമത്ത് ക്രാഷ് ബാരിയറുകളും തൂണുകളും സ്ഥാപിക്കുന്ന ജോലികളും നടന്ന് വരികയാണ്. സ്റ്റേഡിയം ജംഗ്ഷനിൽ തോടിന്റെ ഭാഗത്തുള്ള സംരക്ഷണ ഭിത്തി കെട്ടിക്കഴിഞ്ഞു.തോടിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇതിന്റെ എതിർ വശത്തെ വയലിനോട്‌ ചേർന്ന സംരക്ഷണ ഭിത്തി നിർമ്മാണവും പൂർത്തിയായി വരികയാണ്. ഇതോടെ ഈ ഭാഗത്ത് റിംഗ്‌റോഡിൽ നല്ല വീതി ഉണ്ടാകും. സ്ഥിരം അപകടമേഖലയായ കല്ലറക്കടവിലേക്ക് തിരിയുന്ന വളവിലും അടുത്തിടെ റിഫ്‌ളക്ടർ തൂണുകൾ സ്ഥാപിച്ചു. ഇവിടെ സ്ഥിരം അപകട മേഖലയാണ്. റിംഗ്‌റോഡിലും അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ തൂണുകളും റിഫള്ക്ടറുകളും സ്ഥാപിച്ച് വരികയാണ്.

യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് പണികൾ നടക്കുന്നത്. ഇപ്പോൾനഗരത്തിലെ നടപ്പാതകൾ എല്ലാം കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്. ഇനി ഇവിടെയും ഇത് തന്നെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാൽ കാൽനട യാത്രക്കാർ റോഡിൽ ഇറങ്ങി നടക്കേണ്ടി വരും.

പൊതുമരാമത്ത് അധികൃതർ

-നിർമ്മാണം സെൻട്രൽ ജംഗ്ഷൻ മുതൽ നഗഗരസഭാ കാര്യാലയം വരെ

- നടപ്പാത റോഡിന് ഇരുവശവും 125 മീറ്റർ ഭാഗത്ത്