പന്തളം: പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുടിയൂർക്കോണം എംടിഎൽപി സ്‌കൂളിൽ ക്യാമ്പ് തുറന്നു. ഇതുവരെ 83 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.അച്ചൻകോവിലാറ് കരകവിയുന്ന അവസ്ഥയിലാണ്. വലിയകോയിക്കൽ ക്ഷേത്രക്കടവിലെ സംരക്ഷണ ഭിത്തി തകർന്നു. ഇതോടെ ക്ഷേത്രത്തിന്റെ ഊട്ടുപുരയും അപകടാവസ്ഥയിലായി.
ഐരാണിക്കുഴി, കടുത്തറ, ശാസ്താംവട്ടം, ദൈവത്തറ, പുതുമന, പൂഴിക്കാട് പാലത്തടം, തൊടുവയിൽ, ചാരുനിൽക്കുന്നതിൽ, കടയ്ക്കാട് കൃഷി ഫാം, ഉളമ ഭാഗങ്ങളിലും വെള്ളം കയറി. കൃഷി ഫാമിന്റെ ഭാഗത്തെ 10 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു താമസം മാറി.
കുളനടയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. മാന്തുകയിൽ
തെക്കേമണ്ണിൽ തെക്കേതിൽ രത്നമ്മ, ആലവട്ടക്കുറ്റിയിൽ ശ്രീധരൻ, ആറുകാലിക്കൽ തെക്കേതിൽ ചെല്ലപ്പൻ എന്നിവരുടെ വീടുകൾ വെള്ളത്തിനു നടുവിലായി. ക്യാമ്പുകൾ തുടങ്ങുന്നതിനായി കുളനട പഞ്ചായത്തു സ്‌കൂൾ തയ്യാറാക്കിയിട്ടുണ്ട്.
ചിറ്റയം ഗോപകുമാർ എംഎൽഎയും പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹും പന്തളത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.
പന്തളം നഗരസഭാ ചെയർപേഴ്സൺ ടി.കെ. സതി, വൈസ് ചെയർമാൻ ആർ. ജയൻ, ഡെപ്യൂട്ടി കളക്ടർ ബീനാ റാണി, തഹസിൽദാർ ബീന എസ്. ഹനീഫ്, വില്ലേജ് ഓഫീസർമാരായ സിജു ജെ, മനോജ് കെ.ജി, സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ കെ.എൻ. അനിൽകുമാർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എഫ്. അൻവർഷാ എന്നിവരും കളക്ടറോടൊപ്പം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
----------------
രക്ഷാപ്രവർത്തനത്തിന് മൂന്ന് യന്ത്രവത്കൃത വള്ളവുമായി 22 മത്സ്യത്തൊഴിലാളികൾ കൊല്ലം വാടി കടപ്പുറത്തുനിന്നെത്തി.. പന്തളത്തും ആറൻമുളയിലും ഇവരുടെ സേവനം ലഭിക്കും.. കൂടുതൽ വള്ളങ്ങളെത്തുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിലും രക്ഷാപ്രവർത്തനം നടത്തിയവരാണ് സംഘത്തിലുള്ളത്..