ചെങ്ങന്നൂർ: മഴ തുടരുന്നതോടെ , കഴിഞ്ഞ വർഷം പ്രളയം രൂക്ഷമായി ബാധിച്ച ഇടനാട്, മംഗലം, തിരുവൻവണ്ടൂർ, പാണ്ടനാട് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുതുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ കുടുങ്ങിയവരെ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചു.
തിരുവൻവണ്ടൂർ നന്നാട്ടിൽ വെള്ളം കയറിയ കുഴിയോട്ടിൽതറ വീട്ടിൽ കെ.പി രാജനെ (55) സാഹസികമായാണ് പുറത്തെത്തിച്ചത്. കണ്ടത്തിന് സമീപമുള്ള ഇവരുടെ വഴിയിൽ അരയ്ക്കുമേലെ വെള്ളമുണ്ടായിരുന്നു. അഗ്‌നിരക്ഷാസേന റബർട്യൂബുകൾ ചേർത്തുകെട്ടി രാജനെ സ്‌ട്രെക്ചറിൽ കിടത്തിയാണ് കരയ്‌ക്കെത്തിച്ചത്. തുടർന്ന് തിരുവൻവണ്ടൂർ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ഭാര്യ സുശീലയും മകൻ രാഹുലും ഒപ്പമുണ്ടായിരുന്നു.
അടിയന്തിര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയെത്തി. ലഫ്റ്റനന്റ് കേണൽ അരവിന്ദ് കുമാറിന്റെ നേതൃത്വത്തിൽ 60 പേർ സംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങളുമായി രണ്ട് ട്രക്കുകളിലാണ് ഇവർ എത്തിയത്. ആർ.ഡി.ഒ.ജി ഉഷാകുമാരി മുമ്പാകെ റിപ്പോർട്ട് ചെയ്തതിന് ശേഷം സംഘം തിരുവല്ലയിലേക്ക് പോയി. ചെങ്ങന്നൂരിൽ അടിയന്തര സാഹചര്യം ഇല്ലാത്തതിനാൽ സംഘം തത്കാലം തിരുവല്ലയിൽ ക്യാമ്പ് ചെയ്യും. ആവശ്യം വന്നാൽ ചെങ്ങന്നൂരിലേക്കും കുട്ടനാട്ടിലേക്കും പോകാൻ സജ്ജമാണെന്ന് ടീം ലീഡർ ലഫ്. കേണൽ അരവിന്ദ് കുമാർ പറഞ്ഞു.
താത്കാലിക ആർ.ഡി.ഒയെ നിയമിച്ചു. തിരുവല്ല ലാൻഡ് റവന്യു വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി. ഉഷാകുമാരിക്കാണ് ചുമതല.
വെള്ളപ്പൊക്കത്തെ തുടർന്ന് തുറന്ന ക്യാമ്പുകൾ ഒമ്പതായി.