naranganam
ഫോട്ടോ

നാരങ്ങാനം: അപകടഭീഷണിയുള്ള കക്കണ്ണിമലയിലെ ഭീമൻ പാറകളുടെ അടിവാരത്തു താമസിക്കുന്ന 13 കുടുംബങ്ങളിലെ 35 പേരെ നാരങ്ങാനം ചാന്തുരത്തിയിൽ എസ്.എൻ.ഡി.പി.ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കനത്ത മഴയെ തുടർന്ന് മണ്ണൊലിപ്പ് രൂക്ഷമായ കക്കണ്ണി മലയിൽ നിന്ന് വലിയ പാറക്കൂട്ടങ്ങൾ താഴേക്ക് പതിച്ചു തുടങ്ങിയിരുന്നു. നൂറ്റമ്പത് അടിയിലേറെ ഉയരം വരുന്ന തൂക്ക് കയറ്റമുള്ള കക്കണ്ണിമലയുടെ അടിവാരത്തുള്ള കോളനിയിലെ അൻപതോളം വീടുകളിലുള്ളവരാണ് അപകടം ഭയന്ന് ഉറക്കമിളച്ച് കഴിഞ്ഞിരുന്നത്.കഴിഞ്ഞവർഷം ഈ കല്ലുകൾ നീക്കം ചെയ്യുന്നതിന് കളക്ടർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഈ വർഷം മഴ കനത്തതോടെ കളക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസിൽ നിന്ന് നടത്തിയ പരിശോധനയിൽ അപകട സ്ഥിതി ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്നാണ് ഇവരെ മാറ്റാൻ തീരുമാനിച്ചത്. നാരങ്ങാനം 91 ​ാം നമ്പർ എസ്.എൻ.ഡി.പി.ശാഖ ഇവർക്കായി ശാഖാ ആഡിറ്റോറിയം വിട്ടുനൽകി. പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ഹെൽത്ത് ഇൻസ്‌പെപെക്ടർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത്, മെഡിക്കൽ സംഘം ക്യാമ്പിൽ സൗകര്യങ്ങൾ ഒരുക്കി നൽകുന്നു.