തിരുവല്ല : രണ്ടു ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിന്റെ കെടുതികളിൽ അപ്പർ കുട്ടനാട്ടുകാർ വലയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി തുടരെ പെയ്തിരുന്ന മഴ മാറി ഞായറാഴ്ച അന്തരീക്ഷം തെളിഞ്ഞെങ്കിലും ജലനിരപ്പ് താഴുന്നി്ല്ല. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം , തിരുവല്ല വില്ലേജ് പരിധിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. മേപ്രാൽ വളവനാരിയിൽ വീടിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന 20 പേരെ സൈന്യം രക്ഷപ്പെടുത്തി. 2 വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു.
വാഴയും കപ്പയും പച്ചക്കറിയും ഉൾപ്പടെയുള്ള കാർഷിക വിളകൾക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു. താലൂക്കിലെ 49 ദുരിതാശ്വാസ ക്യാമ്പുകളിൽ 919 കുടുംബങ്ങളിൽ നിന്നുള്ള 3301 പേരാണ് അഭയം തേടിയിരിക്കുന്നത്. ഗ്രാമീണ റോഡുകളിൽ പലതിലൂടെയുമുള്ള വാഹന ഗതാഗതം ഞായറാഴ്ചയും മുടങ്ങിക്കിടക്കുകയാണ്. കിഴക്കൻ മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പമ്പാ ​ മണിമല നദികളിലെയും അനുബന്ധ തോടുകളിലെയും ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടാകാത്തതാണ് പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ടിന് കാരണം. അപ്പർ കുട്ടനാടൻ മേഖലയിലെ നിരണം, ചാത്തങ്കരി, അമിച്ചകരി, മേപ്രാൽ, ആലംതുരുത്തി കഴുപ്പിൽ എന്നിവിടങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. മേപ്രാലിൽ വള്ളവനാരി അടക്കമുള്ള ഭാഗങ്ങളിലെ നൂറിലേറെ വീടുകൾ ഇപ്പോഴും വെള്ളം കയറിയ നിലയിലാണ്. നിരണം വില്ലേജിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി വൈദ്യുതി വിതരണം പൂർണമായും നിലച്ചതായി പരാതി ഉയരുന്നുണ്ട്, എന്നാൽ മുൻകരുതൽ നടപടിയെന്നോണം വൈദ്യുതി ബന്ധം വിശ്ചേദിച്ചതാണെന്നാണ് കെ എസ് ഇ ബി അധികൃതർ പറയുന്നത്. കടപ്ര ആലാത്ത് കടവിൽ പണിത താത്കാലിക പാലവും വെള്ളത്തിനടിയിലത് മറുകരയിലെ കൂരാലിൽ ഭാഗത്തെ നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യമനുസരിച്ച് ഒട്ടുമിക്ക ക്യാമ്പുകളുടെയും പ്രവർത്തനം നാല് ദിവസം കൂടി നീളാൻ സാദ്ധ്യതയുണ്ടെന്ന് റവന്യൂ അധികൃതർ പറഞ്ഞു.