ചെങ്ങന്നൂർ: മുളക്കുഴയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ശ്രുതി (ഹിമ-30) യുടെ മകൾ ജയശ്രി (ഒന്നര) യും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയശ്രീ കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയിലായിരുന്നു. കഴിഞ്ഞ 7ന് ഉച്ചയ്ക്ക് 1.30ന് എം.സി.റോഡിൽ മുളക്കുഴ ഗ്രാമപഞ്ചായത്ത് ജംഗ്ഷനിലായിരുന്നു അപകടം. കുടുംബശ്രീ സംബന്ധമായ അവശ്യത്തിന് പഞ്ചായത്ത് ഓഫീസിൽ മകൾക്കും അയൽക്കാരിയായ സുഹൃത്തിനുമൊപ്പമാണ് ശ്രുതി സ്കൂട്ടറിൽ എത്തിയത്. തിരികെപ്പോകാൻ റോഡ് മുറിച്ചുകടക്കുമ്പോൾ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ചുവീണ ശ്രുതിയുടെ തലയിലൂടെ മുൻചക്രം കയറിയിറങ്ങി. തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സ്മിതയ്ക്കും പരിക്കേറ്റിരുന്നു
ശ്രൂതിയുടെ സംസ്കാരം ഇന്നലെ രാവിലെയാണ് നിശ്ചയിച്ചിരുന്നത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതശരീരം അന്ത്യകർമ്മൾക്കായി എടുക്കുവാൻ പോകുമ്പോഴാണ് ജയശ്രീയുടെ മരണവാർത്ത അറിയുന്നത്. ഇതോടെ സംസ്കാര ചടങ്ങുകൾ വൈകിട്ടത്തേക്ക് മാറ്റി. ഇരുവരെയും മുളക്കുഴ പെരിങ്ങാല വലിയകാലായിൽ വീട്ടുവളപ്പിൽ ഒരുക്കിയ കുഴിമാടത്തിൽ ഒന്നിച്ച് സംസ്‌കരിച്ചു.
മുണ്ടക്കയം സ്വദേശി ജയനാണ് ജയശ്രീയുടെ പിതാവ്. സഹോദരി അനുശ്രീ.