അടൂർ : സ്വകാര്യ വ്യക്തിയുടെ അതിർത്തി തർക്കത്തെ തുടർന്ന് അടൂരിലെ പ്രമുഖ ബാർഹോട്ടലിന്റെ നിർമ്മാണം തടസപ്പെടുത്തിയതോടെ 40 അടി ഉയരമുള്ള മൺതിട്ട ഇടിഞ്ഞുതുടങ്ങിയത് വൻ ദുരന്തം ക്ഷണിച്ചു വരുത്തുമെന്ന് ഉറപ്പായി. നഗരഹൃദയത്തിലെ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ വസ്തുവിന് സംരക്ഷഭിത്തി നിർമ്മിക്കാനുള്ള നീക്കമാണ് നിയമനടപടികളിൽ കുടുങ്ങിയത്. ശക്തമായ മഴയിൽ മൺതിട്ട പാളിയായി അടർന്ന് വീഴാൻ തുടങ്ങിയത് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും, ജീവനക്കാർക്കും ഭീഷണിയായിട്ടുണ്ട്. പണ്ട് വലിയ കുന്നുപോലെ ഇരുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്താണ് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് എതിർ ഭാഗത്തായുള്ള സ്ഥലത്ത് റോഡ് നിരപ്പിൽ കടമുറികൾ നിർമ്മിച്ചത്. ഇതോടെ ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിന്റെ ഇൻസിനറേറ്ററും ബയോഗ്യാസ് പ്ളാന്റും സ്ഥിതി ചെയ്യുന്ന ഭാഗം ഏത് സമയവും തകർന്ന് വീഴാവുന്ന സ്ഥിതിയാണ്. ഇൗ ഭാഗം അടർന്ന് വീണാൽ ലോഡ് കണക്കിന് മണ്ണ് താഴെയായുള്ള കടമുറികളുടെ ഭാഗത്തേക്കായിരിക്കും പതിക്കുക. വസ്തു സംരക്ഷിക്കുന്നതിനായി ഇന്ദ്രപ്രസ്ഥ ഗ്രൂപ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും കോൺക്രീറ്റ് ഉപയോഗിച്ച് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. മറ്റ് കടയുടമകൾ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകി. തുടർന്ന് സൂപ്പർമാർക്ക് പ്രവർത്തിക്കുന്ന കടയുടെ സ്ഥലം ഉടമ അതിർത്തി തർക്കവുമായി രംഗത്ത് എത്തുകയും ഇതിനെതിരെ കോടതിയിൽ നിന്നും സ്റ്റേ സമ്പാദിക്കുകയും ചെയ്തത്. ഇതോടെ നിർമ്മാണ പ്രവർത്തനം തടസപ്പെട്ടു.
റവന്യൂ അധികൃതരും ഫയർഫോഴ്സ് സംഘവും സ്ഥിതി വിലയിരുത്തി
40 അടിയോളം ഉയരമുള്ള ഇൗ ഭാഗത്തിന്റെ ഗുരുതരാവസ്ഥ റവന്യൂ അധികൃതതരും ഫയർഫോഴ്സ് സംഘവും കഴിഞ്ഞ ദിവസം വിലയിരുത്തി. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ പൊലീസ് നിർദ്ദേശവും നൽകി. എന്നാൽ ആയിരങ്ങൾ വാടക നൽകിയും ലക്ഷകണക്കിന് രൂപയുടെ സാധനങ്ങളുമുള്ള കട അടച്ചുപൂട്ടിയാൽ കട ഉടമയ്ക്ക് വൻനഷ്ടമുണ്ടാകും. തലൂക്ക് സർവേയറും ഏതാനും ദിവസം മുമ്പ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ച് നൽകിയിട്ടും സ്ഥലം ഉടമ ഇതൊന്നും അംഗീകരിക്കാൻ തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ജില്ലാ ഭരണാധികാരികളും റവന്യൂ അധികൃതരും ഇക്കാര്യത്തിൽ അടിയന്തര ജാഗ്രത പുലർത്തിയില്ലെങ്കിൽ വൻദുരന്തമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
-മൺ തിട്ട 40 അടി ഉയരത്തിൽ
-അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെ