sava
പുത്തൻകാവ് എം.പി യു.പി സ്‌ക്കൂളിൽ സേവാഭാരതി നടത്തിയ ഭക്ഷണപൊതി വിതരണം

ചെങ്ങന്നൂർ: മഴയ്ക്ക് ശമനമുണ്ടായെങ്കിലും അച്ചൻ കോവിലാറിൽ ജലനിരപ്പുയർന്നത് ചെങ്ങന്നൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ വെളളം കയറുന്നതിന് കാരണമായി. കിഴക്കൻ വെളളത്തിന്റെ വരവ് നിലയ്ക്കാത്തതാണ് അച്ചൻകോവിലാറ് പെരുകാൻ കാരണമായത്. ഇതോടെ ഇന്നലെ രണ്ടു ക്യാമ്പുകൾ കൂടി തുറന്നു. നിലവിലുളള ക്യാമ്പുകളിൽ കൂടുതൽ ആളുകൾ എത്തി. ചെങ്ങന്നൂർ താലൂക്കിൽ ഇന്നലെ രാത്രിവരെ 26 ക്യാമ്പുകളിലായി 1774പേരാണ് എത്തിയത്.വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലാണ് പുതിയതായി ക്യാമ്പുകൾ ആരംഭിച്ചത്. ഇന്നലെ പകൽ കൂടുതൽ സമയവും വെയിലുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയെ അപേക്ഷിച്ച് പമ്പയിൽ രണ്ടടിയോളം വെള്ളം ഇറങ്ങി. അതേസമയം അച്ചൻകോവിലാറ്റിൽ രണ്ടടിയോളം വെള്ളം ഉയർന്നു. മണിമലയാറ്റിലെ ജലനിരപ്പും കുറഞ്ഞിട്ടില്ല. തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലിക്കര, നന്നാട് ഭാഗങ്ങളിൽ നിന്നാണ് ഇന്നലെ കൂടുതൽ പേർ ക്യാമ്പിലേക്ക് വന്നിട്ടുണ്ട്.

. ഞായറാഴ്ച രാവിലെ ക്യാമ്പുകളിൽ വൈദ്യ പരിശോധനയും മരുന്നു വിതരണവും നടത്തി. ആയുർവേദ, ആലോപ്പതി ഡോക്ടർമാർ നേതൃത്വം നൽകി. വെൺമണിയിൽ മാത്രമാണ് ഭക്ഷ്യവസ്തുക്കൾ എത്താൻ താമസിച്ചത്. ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷണമൊരുക്കി. വൈദ്യുതി ബന്ധം ഇല്ലാതായാൽ ജനറേറ്റർ അടക്കം ക്യാമ്പുകളിൽ കരുതിയിട്ടുണ്ട്.


ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. സേവാഭാരതിയുടെ നേതൃത്വത്തിൽ തിരുവൻവണ്ടൂർ, ഇരമല്ലിക്കര, മുളക്കുഴ, പിരളശ്ശേരി, ഇടനാട് എന്നീ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇന്നലെ ഉച്ചഭക്ഷണം വിതരണം ചെയ്തു. മരുന്നുകൾ ഉൾപ്പടെ മറ്റ് അവശ്യവസ്തുക്കളും ആവശ്യാനുസരണം വിതരണം ചെയ്യുമെന്ന് സേവാപ്രമുഖ് ബി.ജയകുമാർ പറഞ്ഞു.