koduman
കൊടുമൺ ജംക്‌ഷൻ ഗതാഗതക്കുരുക്കിൽ

കൊടുമൺ : ഒരു രക്ഷേം ഇല്ല. എങ്ങോട്ട് തിരിഞ്ഞാലും തിരക്കോട് തിരക്ക്. കൊടുമൺജംഗ്ഷനിൽ ഗതാഗതക്കുരുക്കും അപകടവും രൂക്ഷമായി. കഴിഞ്ഞദിവസം വൈകിട്ട് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ആ‌ർക്കും തന്നെ പരിക്കില്ല. കഴിഞ്ഞ ആഴ്ചയിൽ രണ്ടപകടങ്ങൾ ഉണ്ടായതിനു പുറമെയാണിത്. ജംഗ്ഷനിലെ ഗതാഗതസംവിധാനം പാടെ തകർന്നു. രാവിലെയും വൈകിട്ടും ജംഗ്ഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തലങ്ങും വിലങ്ങുമുള്ള വാഹനങ്ങളുടെ അമിത പാച്ചിലാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് അങ്ങാടിക്കൽ റോഡിലൂടെയും ഏഴംകുളം– കൈപ്പട്ടൂർ പ്രധാന പാതയിലൂടെയും വരുന്ന വാഹനങ്ങളെ നിയന്ത്രിച്ചെങ്കിൽ മാത്രമേ അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കുകയുള്ളു. ജംഗ്ഷനിൽ പത്തനംതിട്ട, അടൂർ ഭാഗങ്ങളിലേക്കു പോകാനുള്ള യാത്രക്കാർക്കായി ബസ് സ്റ്റോപ്പുകൾ ഉണ്ടെങ്കിലും ബസുകൾ വഴിനീളെ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. പലപ്പോഴും അപകടം ഉണ്ടാകാൻ ഇതൊരു പ്രധാന കാരണമാണ്. സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യാൻ യാതൊരു സംവിധാനവുമില്ല. റോഡിന്റെ ഇരുസൈഡിലും തോന്നിയപടിയാണു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. രാഷ്ട്രീയപാർട്ടികളുടെ പരിപാടികളോ ജാഥയോ വന്നാൽ പിന്നെ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുകയില്ല. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസ് ഉണ്ടെങ്കിലും നാട്ടുകാർക്ക് ഉപകാരപ്പെടുന്ന രീതിയിലല്ലെന്ന ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് ഉപദേശകസമിതി വിളിച്ചുചേർത്ത് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം ശക്തമാണ്.