പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനത്തിന് സഹായം തേടി ജില്ലാ കളക്ടർ പി.ബി. നൂഹ് ഫേസ് ബുക്കിലൂടെ നടത്തിയ അഭ്യർത്ഥനയ്ക്ക് വലിയ പ്രതികരണം. ക്യാമ്പുകളിലും അവശ്യവസ്തുക്കളുടെ കളക്ഷൻ സെന്ററുകളിലും പ്രവർത്തിക്കുന്നതിനായി 300 സന്നദ്ധപ്രവർത്തകരുടെ സേവനമാണ് കളക്ടർ തേടിയത്. എന്നാൽ, അഭ്യർത്ഥന നടത്തി ഒരു മണിക്കൂറിനകം 1500 ൽ ഏറെ പേർ സന്നദ്ധത അറിയിച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്തു.
ക്യാമ്പുകളിലേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന് തിരുവല്ല ഡയറ്റിലും പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും തുറന്ന കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.
സഹകരണം പ്രതീക്ഷിക്കുന്നു...
2018ലെ പ്രളയത്തിനു ശേഷം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹബിൽ മാത്രം 200 ട്രക്കുകൾ പത്തനംതിട്ട ജില്ലയ്ക്കുള്ള അവശ്യവസ്തുക്കളുമായി എത്തിയിരുന്നു. അതിനാൽ, വലിയ തോതിൽ നമുക്ക് തിരിച്ച് കൊടുക്കാനുള്ള അവസരമാണിത്. ജനങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിലൊരു സഹകരണം പ്രതീക്ഷിക്കുന്നു.
റാന്നിയിലും തിരുവല്ലയിലും നിലവിൽ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 12,13,14 തീയതികളിൽ യെല്ലോ അലർട്ട് വന്നിട്ടുണ്ട്. ഇതിനാൽ, എല്ലാം സുരക്ഷിതമായി എന്നു നമുക്ക് പറയാൻ കഴിയില്ല. ജനങ്ങൾ ജാഗ്രത പുലർത്തണം. മഴയുടെ അളവ് നല്ല രീതിയിൽ കുറഞ്ഞു. അതിനാൽ നദിയിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. റാന്നി മേഖലയിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കോഴഞ്ചേരിയിലും തിരുവല്ലയിലും ജലനിരപ്പ് കുറയുന്നതിന് കുറച്ചു കൂടി സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.ബി.നൂഹ്,
ജില്ലാ കളക്ടർ
ജില്ലയിൽ 80 ക്യാമ്പുകളിലായി 5444 പേർ കഴിയുന്നു.