തിരുവല്ല : അപ്പർകുട്ടനാട്ടിൽ പ്രളയദുരിതം തുടരുകയാണ്. വരുന്ന രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ ചങ്കിടിച്ച് കഴിയുകയാണ് അപ്പർ കുട്ടനാടൻ നിവാസികൾ. താലൂക്കിൽ തിങ്കളാഴ്ച മാത്രം 4 ക്യാമ്പുകൾ കൂടി തുറന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ജില്ലാ ചുമതലയുള്ള വനം മന്ത്രി കെ. രാജു ഇന്നലെ താലൂക്കിലെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളിൽ സന്ദർശനം നടത്തി. നിരണം, കടപ്ര, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, അമിച്ചകരി, ആലംതുരുത്തി, തിരുമൂലപുരം തുടങ്ങിയ ഇടങ്ങളിലെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ ഇതുവരെ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. കടപ്ര ​- വീയപുരം ലിങ്ക് ഹൈവേ, തിരുവല്ല ​ - എടത്വ ​- ഹരിപ്പാട് റോഡ്, തിരുവല്ല ​- അമ്പലപ്പുഴ, തിരുവല്ല ​- ചാത്തങ്കരി, കാവുംഭാഗം ​- മേപ്രാൽ, കാവുംഭാഗം ​- ഇടിഞ്ഞില്ലം എന്നീ റോഡുകളിലൂടെയുള്ള ബസ് സർവീസുകൾ ഇന്നലെയും മുടങ്ങി. താലൂക്കിന്റെ പല ഭാഗങ്ങളിലെയും വൈദ്യുത ബന്ധം നാല് ദിവസങ്ങൾ പിന്നിട്ടിട്ടും പുന:സ്ഥാപിക്കാനായിട്ടില്ല. നേരിയ വെയിൽ വീഴുമ്പോൾ അൽപ്പമിറക്കമിടുന്ന വെള്ളം അടുത്ത കനത്ത മഴയോടെ തിരികെ കയറുന്ന അവസ്ഥയാണ്. വരാൽ തോട്ടിലെ ഷട്ടർ കവിഞ്ഞൊഴുകിയതിനെ തുടർന്ന് നഗരസഭ 17​ാം വാർഡിൽ ഉൾപ്പെടുന്ന തിരുമൂലപുരം അടുമ്പട , ഞവണാകുഴി കോളനികളിലെ എൺപതോളം വീടുകളിൽ ഞായറാഴ്ച രാത്രിയോടെ വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരും സന്നദ്ധ പ്രവർത്തകരും ചേർന്ന് രാത്രി തന്നെ കോളനി നിവാസികളെ എസ്.എൻ.വി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ചില ഭാഗങ്ങളിൽ കുട്ടികളിലും വയോധികരിലുമടക്കം പനി പടർന്നു പിടിക്കുന്നതായ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി താലൂക്കിലെ മുഴുവൻ ക്യാമ്പുകളിലും അലോപ്പതി ​,ഹോമിയോ മെഡിക്കൽ ടീം ദിവസേന സന്ദർശനം നടത്തുന്നു.അവശ്യ ഘട്ടങ്ങളിൽ രോഗബാധിതരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കെ.ശ്രീകുമാർ,

തഹസീൽദാർ

തിരുവല്ല താലൂക്ക്

കുടുംബങ്ങൾ : 1326,

ക്യാമ്പുകൾ: 63

അഭയം തേടിയവർ: 4760

കനത്ത മഴയെ തുടർന്ന് രണ്ട് വീടുകൾ

പൂർണ്ണമായും 23 വീടുകൾ ഭാഗികമായും നശിച്ചു