പന്തളം: പൂഴിക്കാട് കിടങ്ങേത്ത് മൂന്നു വീടുകൾ വെള്ളത്തിലായി. ഇവിടെ ഒറ്റപ്പെട്ട വരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.
കിടങ്ങേത്ത് സരസമ്മ, മണത്തറ പുത്തൻവീട്ടിൽ കുഞ്ഞൂഞ്ഞമ്മ, മണത്തറ ഭാമിനി എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. നാട്ടുകാരും ജനപ്രതിനിധികളും റവന്യൂ, പൊലീസ്, അഗ്നിശമന രക്ഷാ സേന, അധികാരികളും ചേർന്നാണ് 11 പേരെ രക്ഷപ്പെടുത്തിയത്. ഇവരെ പൂഴിക്കാട് ഗവ.യുപി സ്‌കൂളിലെ ക്യാമ്പിലെത്തിച്ചു. നഗരസഭാ കൗൺസിലർമാരായ സുമേഷ്, സീന,അടൂർ ഡിവൈ.എസ് .പി ജവഹർ ജനാർദ്ദ്, പന്തളം എസ്.എച്ച്.ഒ ഇ.ഡി.ബിജു, അഗ്നിശമന സേന അടൂർ സ്റ്റേഷൻ ഓഫീസർ ടി.ശിവദാസൻ, പന്തളം വില്ലേജ് ഓഫീസർ സിജു ജെ എന്നിവർ നേതൃത്വം നൽകി.
വെള്ളം ഇറങ്ങിയതോടെ കടയ്ക്കാട് സരസ്വതി വിലാസം ഗവ.എൽ.പി സ്‌കൂളിലെ ക്യാമ്പ് പിരിച്ചുവിട്ടു. പൂഴിക്കാട് ഗവ. യുപി സ്‌കൂളിൽ പുതിയ ക്യാമ്പ് തുടങ്ങി. പൂഴിക്കാട് മേഖലയിൽ നിന്ന് അറുപതോളം പേരാണ് ക്യാമ്പിലേക്കു മാറിയത്. അച്ചൻകോവിലാറ്റിൽ വെള്ളമുയരുന്നത് നിലച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിയിട്ടില്ല.