1
ബലക്ഷയമായ ചേന്നംപുത്തൂർ കോളനിയിലെവീടുകൾ

പള്ളിക്കൽ : പ്രളയകെടുതിയിൽ നാടെങ്ങും ദുരന്ത വാർത്തകൾ കേൾക്കുമ്പോൾ തങ്ങൾക്ക് വരാനിരിക്കുന്ന അപകടത്തിന്റെ ഭീകരതയോർത്ത് ചങ്കിടിപ്പിലാണ് ചെറുകുന്നം ചേന്നംപുത്തൂർകോളനിക്കാർ. ഇവർക്ക് ഒന്നേ പറയാനുള്ളൂ. എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇപ്പോൾ ചെയ്യണം. ഒറ്റമുറിയും ചെറുതിണ്ണയും അടുക്കളയുമുള്ള 200 സ്ക്വയർഫിറ്റ് വരുന്ന വെട്ടുകല്ല് കെട്ടിയ 35 വീടുകളാണ് ഇവിടെയുള്ളത്. 30വർഷങ്ങൾക്കുമുമ്പേ പണികഴിപ്പിച്ചവീടുകൾ ഏതുനിമിഷവും ഇടിഞ്ഞുവീഴും. കോൺക്രീറ്റ് പാളികളും തേക്കാത്ത ഭിത്തികളും അടരുന്നു. 10വയസിൽ താഴെയുള്ള 75 കുഞ്ഞുങ്ങളുൾപ്പെടെ 250ൽ അധികം ആളുകളാണ് ഇവിടെതാമസം.

കനിയണം.. ഈ കോളനി നിവാസികളോട്

ചെളിക്കളമാണ് കോളനിക്കുൾവശം. പള്ളിക്കലാർ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കേറി കെട്ടി നിൽക്കുകയാണ് കോളനിക്കുള്ളിൽ.വെള്ളം ഒഴുകി പോകുന്നില്ല.കക്കൂസ് ടാങ്കുകളെല്ലാം നിറഞ്ഞ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കഴിയുന്നില്ല.കുട്ടികളടക്കം നിരവധിപേർക്ക് ഛർദ്ദിയും പനിയുമാണ്. പള്ളിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽനിന്ന് മെഡിക്കൽസംഘം രോഗികൾക്ക് മരുന്ന് നൽകിയിരുന്നു.അതു കൊണ്ടും നില തൃപ്തികരമല്ല.

വീടിനും വസ്തുവിനും ഉടമസ്ഥാവകാശം ഇല്ല

പഞ്ചായത്തിന്റെ പുറംപോക്കുകളിൽ കഴിഞ്ഞവരെയാണ് ഇവിടെ താമസിപ്പിച്ചത്.കുടുതലും നായാടിവിഭാഗത്തിൽ പെട്ട ഇവർക്ക് മാറിതാമസിക്കാൻ ബന്ധുവീടുകൾ ഇല്ല.വീടിനും ഉടമസ്ഥരില്ല.സ്ഥലവും വീടും ഹൗസിംഗ്ബോർഡിന്റേത്. ഹൗസിംഗ് ബോർഡ് വകസ്ഥലത്ത് ബോർഡ് തന്നെ പണികഴിപ്പിച്ചവീടുകളിലാണ് ഇവർ താമസിക്കുന്നത്.താമസം ആരംഭിച്ചപ്പോൾ ഉണ്ടാക്കിയകരാറുകളിൽ ചിലതർക്കങ്ങൾകാരണം വീടിന്റെ ഉടമാവകാശം ഇവർക്ക് ലഭിച്ചിട്ടില്ല.വീടുള്ളതിനാൽ പഞ്ചായത്ത് വേറെ വീടും സ്ഥലവും നൽകില്ല.വീടുകളിലെ താമസകാരുമായി ഹൗസിംഗ് ബോർഡ് ഉണ്ടാക്കിയ ധാരണ പാലിക്കാത്തതാണ് വീട്ടുകാർക്ക് വിനയായത് .

നടപടി എടുക്കാതെ പഞ്ചായത്ത് അധികൃതർ

നിലവിൽ താമസിക്കുന്നവരെ പഞ്ചായത്ത് സർട്ടിഫൈ ചെയ്ത് നൽകിയാൽ ആലോചിച്ച് വേണ്ടതുചെയ്യാമെന്ന് ഹൗസിംഗ് ബോർഡിൽ നിന്ന് പഞ്ചായത്തിനറിയിപ്പ് ലഭിച്ചിട്ട് വർഷങ്ങളായി.പഞ്ചായത്ത് തുടർനടപടികൾ സ്വീകരിച്ചില്ല. നിലവിൽ പഞ്ചായത്തിന് ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ സ്ഥലം വിട്ടുനൽകാൻ എ ഒ സി തരാനും ഹൗസിംഗ്ബോർഡ് ഒരുക്കമാണ് . ഇവിടുത്തെ വരാനിരിക്കുന്ന ദുരന്തത്തിന്റെ തീവ്രത ഇവിടുള്ളവർക്കുമാത്രമേ അറിയൂ.

വെട്ടുകല്ലിൽ തീർത്ത 35 വീടുകൾ

10 വയസിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടെ 250 പേർ

വീടുകൾ എതു സമയവും നിലം പൊത്താം.വെട്ടുകല്ലായതിനാൽ വെള്ളം കേറി കെട്ടി കിടക്കുന്നത് അപകടമാണ്. അധികൃതർ കനിവ് കാട്ടണം

രാജൻ

കോളനി നിവാസി