local

പത്തനംതിട്ട: സംസ്ഥാനത്തെ 58 ഇന്ധന പമ്പുകൾ വെളളത്തിനടിയിലായി. ഇൻഡ്യൻ ഒായിൽ കോർപ്പറേഷന്റെ 27, ഭാരത് പെട്രോളിയത്തിന്റെ 17, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 14 എന്നിവയാണ് വെളളത്തിനടിയിലായ പമ്പുകൾ.

മഴ കനത്ത സാഹചര്യത്തിൽ ഇന്ധന പമ്പുകൾ, വൻകിട പൈപ്പ്ലൈനുകൾ, എൽ.പി.ജി ഗോഡൗണുകൾ എന്നിവ സുരക്ഷാ മുൻകരുതലുകളെടുക്കണമെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്പ്ളാേസീവ് സേഫ്റ്റി ഒാർഗനൈസേഷൻ (പെസോ) മുന്നറിയിപ്പ് നൽകി. സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിന് ലൈസൻസുളളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രളയത്തിൽ കുതിച്ചൊഴുകുന്ന വെളളം പെട്രോൾ പമ്പുകളിലെ ഭൂഗർഭ അറകളിൽ കടക്കുന്നില്ലെന്ന് ഉറപ്പാക്കണം. വെളളം കയറിയാൽ ഇന്ധനത്തിന്റെ നിരപ്പുയരുകയും ഇന്ധനം പുറത്തേക്കു വരികയും ചെയ്യും. ഉപരിതലത്തിലുളള വാൽവുകളും റഗുലേറ്ററുകളും വെളളത്തിനടിയിലായിട്ടുണ്ടോയെന്ന് പരിശോധിക്കണം. ലൈനുകളിൽ തകരാർ പറ്റുകയോ സുരക്ഷയുടെ ഭാഗമായി പ്രവർത്തനം നിറുത്തേണ്ടിവരികയോ ചെയ്താൽ പെസോയെ അറിയിക്കണം.

പ്രളയത്തിൽ പലയിടത്തും ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയിട്ടുണ്ട്. ഗോഡൗണുകളിൽ വെളളം കയറാതെ നോക്കണം. മണൽ ചാക്കുകൾ നിരത്തി വെളളം കയറുന്നത് തടയണം. സിലിണ്ടറുകൾ ഒഴുകിപ്പോകാതെ പ്ളാസ്റ്റിക കയറുകൾ ഉപയോഗിച്ച് കെട്ടിയിടണം.