കോന്നി: സഞ്ചാരികളുടെ മനം കവർന്ന് മണ്ണീറ വെള്ളച്ചാട്ടം കൂടുതൽ മനോഹരിയായി. തോരാത്ത മഴയിൽ പാറക്കെട്ടുകളിൽക്കൂടി ഒഴുകി വരുന്ന ഈ വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. തണ്ണിതോട് പഞ്ചായത്തിലെ അടവി ഇക്കോ ടൂറിസം സെന്ററിന്റെ കുട്ട വഞ്ചി സവാരികേന്ദ്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മണ്ണീറ വെള്ളച്ചാട്ടം. കല്ലാറ്റിൽ കുട്ടവഞ്ചി സവാരിക്കെത്തുന്നവരിലേറെയും ഇവിടെയെത്തുന്നുണ്ട്. വനത്തിലെ പാറക്കെട്ടുകളിലുടെ കൈവഴികൾ തീർത്ത് ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നു. നാലു ചെറിയ വെള്ളച്ചാട്ടങ്ങളും വലിയ ഒരു വെള്ളച്ചാട്ടവും ചേർന്ന മനോഹര കാഴ്ചയാണ് മണ്ണീറ വെള്ളച്ചാട്ടം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന വെള്ളച്ചാട്ടത്തിന് അടുത്ത് വരെ വാഹനങ്ങളിലെത്താം. ജില്ലയിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടം കൂടിയാണിത്.സഞ്ചാരികളിൽ പലരും വെള്ളച്ചാട്ടത്തിൽ കുളിച്ചാണ് മടങ്ങുന്നത്. അവധി ദിവസങ്ങളിൽ ഒട്ടേറെ പേർ ഇവിടെയെത്തി സമയം ചെലവഴിക്കുന്നുണ്ട്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
-മണ്ണീറ വെള്ളച്ചാട്ടം- കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ
നിന്ന് 2 കി.മീറ്റർ അകലെ
-അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്നത് ഒട്ടേറെ പേർ
അവധി ദിവസങ്ങളിൽ നിരവധിപേർ വെള്ളചാട്ടം കാണാൻ എത്താറുണ്ട്.
ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമില്ലന്നതാണ് പ്രധാന പ്രശ്നം
കണ്ണൻ
പ്രദേശവാസി