കോന്നി: കനത്ത മഴയെ തുടർന്ന് അട്ടച്ചാക്കൽ കുമ്പളാംപൊയ്കറോഡ് നിർമ്മാണം വീണ്ടും മുടങ്ങി. എട്ട് മാസം മുമ്പാണ് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ റോഡിന്റെ പണികൾ ആരംഭിച്ചത്.അട്ടച്ചാക്കൽ മുതൽ കുമ്പളാംപൊയ്ക വരെ 13 കിലോമീറ്റർ റോഡാണ് 17കോടി രൂപ മുതൽ മുടക്കി കിഫ്ബിഫണ്ട് ഉപയോഗിച്ച് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നത്. വശങ്ങൾ കെട്ടി ബലപ്പെടുത്തി വീതികൂട്ടി വലിയ വളവുകൾ നികത്തിയും പുതിയ കലുങ്കുകൾ പണിതും, ദിശാബോർഡുകളും, ക്രാഷ് ബാരിയർ സ്ഥാപിച്ചുമാണ് റോഡ് വികസിപ്പിക്കുന്നത്.
വൈദ്യുത പോസ്റ്റുകൾ റോഡിന് നടുവിൽ
കോന്നി, റാന്നി നിയമസഭാ മണ്ഡലങ്ങളിലെ കോന്നി, മലയാലപ്പുഴ, വടശേരിക്കര പഞ്ചായത്തുകളിൽപ്പെട്ടതാണ് റോഡ്. വീതി കൂട്ടിയപ്പോൾ വശങ്ങളിലായിരുന്ന വൈദ്യുതി പോസ്റ്റുകളും പൈപ്പ് ലൈനുകളും പലയിടത്തും റോഡിനു മദ്ധ്യത്തായി.ഇത് മാറ്റിയിടാൻ വാട്ടർ അതോറിറ്റിയുടേയും കെ.എസ്.ഇ.ബി യുടെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായതാണ് ആദ്യം റോഡ് പണി നിലയ്ക്കാൻ കാരണം.അട്ടച്ചാക്കൽ മുതൽ ചെങ്ങറ തോട്ടം വരെയുള്ള റോഡ് നിർമ്മാണം പഴയ ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് കുത്തിയിളക്കിയത് യാത്ര ദുഷ്‌കരമായി.നാട്ടുകാരുടെ സമരത്തെ തുടർന്നാണ് പണികൾ വീണ്ടും ആരംഭിച്ചത്.വടശേരിക്കര,കുമ്പളാംപൊയ്ക ഭാഗങ്ങളിലുള്ളവർ ഇതു മൂലം കോന്നിയിലെത്താൻ ചെമ്മാനി, കൊന്നപ്പാറ റോഡിനെയാണ് ആശ്രയിക്കുന്നത്. നാട്ടുകാർ കോന്നി പൊതുമരാമത്ത് അസി.എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ റോഡ് പണി വീണ്ടും തുടങ്ങി. എന്നാൽ അട്ടച്ചാക്കൽ ശാന്തി ജംഗ്ഷൻ മുതൽ ഈസ്റ്റ് ജംഗ്ഷൻ വരെ ടാറിംഗ് നടത്തിയെങ്കിലും ഇപ്പോൾ മഴയെ തുടർന്ന് പണി നിറുത്തിയിരിക്കുകയാണ്.
വീണ്ടും റോഡ് പണി മുടങ്ങിയിരിക്കുകയാണ്.
13 കി.മീറ്റർ- 17 കോടി