പത്തനംതിട്ട: പത്തനംതിട്ട ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കാലവർഷം ശക്തി പ്രാപിച്ച് ക്രമേണ വടക്കൻ ജില്ലകളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നിലവിലെ മഴക്കെടുതിയെ മുൻനിറുത്തി ജില്ലയിൽ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതേസമയം ജാഗ്രത പുലർത്തണമെന്നും കളക്ടർ പറഞ്ഞു.
പമ്പ, കക്കാട്, അച്ചൻകോവിൽ, മണിമല ആറ് എന്നീ നദികളിലെ ജലനിരപ്പ് ഇപ്പോൾ സാധാരണ നിലയിൽ ആണ്. എങ്കിലും മലയോര മേഖലയിൽ മഴ ശക്തി പ്രാപിച്ചാൽ നദിയിലെ നീരൊഴുക്ക് വർദ്ധിക്കാനും ജലനിരപ്പ് ഉയരാനും സാദ്ധ്യത ഉണ്ട്. ജനങ്ങൾ നദികൾ മുറിച്ച് കടക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കണം. നദിയിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ നദീതീരവാസികൾ ജാഗ്രത പുലർത്തണം. ടിവിയിലും റേഡിയോയിലും വരുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കണം.
തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഉരുൾപൊട്ടൽ സാദ്ധ്യത കൂടുതലാണ്. ഇതിനാൽ മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ താമസിക്കുന്നവരും ഉരുൾപ്പൊട്ടൽ മേഖലയായി ജിയോളജിക്കൽ സർവെ കണ്ടെത്തിയ മേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മഴ ശക്തി പ്രാപിക്കുന്ന അവസരത്തിൽ ആവശ്യമെങ്കിൽ ജനങ്ങൾ അടുത്തുള്ള സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.