പെരുനാട്: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ മുക്കം കോസ് വേയുടെ സ്ളാബിൽ വിളളൽ കണ്ടതോടെ ഗതാഗതം നിരോധിച്ചതിനാൽ പമ്പയുടെ ഇരു കരകളിലുമുളളവർ കടുത്ത യാത്രാക്ളേശം അനുഭവിക്കുന്നു.
കോസ് വേയ്ക്ക് ബലക്ഷയമുണ്ടോയെന്ന് പരിശോധിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് നാട്ടുകാർ പഞ്ചായത്തിൽ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കോസ് വേയിലെ ഒരു സ്ളാബ് അഞ്ച് ഇഞ്ചോളം തെന്നി മറ്റൊരു സ്ളാബിന്റെ മുകളിലേക്ക് കയറിയ നിലയിലാണ്. ഇക്കാര്യം നാട്ടുകാർ പെരുനാട് പഞ്ചായത്ത് അധികൃതരെ അറിയിച്ചയുടൻ കോസ് വേയുടെ രണ്ടറ്റത്തും വടം കെട്ടിയും വീപ്പകൾ വച്ചും വാഹന ഗതാഗതം നിരോധിച്ചു. ഒഴുകി വന്ന തടികൾ കോസ് വേയുടെ തൂണിലിടിച്ചാണ് വിളളലുണ്ടായതെന്ന് കരുതുന്നു. കഴിഞ്ഞ പ്രളയത്തിൽ കോസ് വേയുടെ ഒരു സ്ളാബിൽ വിളളൽ സംഭവിച്ചിരുന്നു. ഒരു ലക്ഷം രൂപ ചെലവാക്കി അറ്റകുറ്റപ്പണി നടത്തിയതാണ്. ഇതിന് അടുത്താണ് ഇത്തവണ വിളളലുണ്ടായത്.
കോസ് വേയിൽ ഗതാഗതം നിരോധിച്ചതിനാൽ മുക്കം പടിഞ്ഞാറെ കരയിലുളളവർ ഏഴ് കിലോമീറ്ററോളം അധികം സഞ്ചരിച്ച് വടശേരിക്കര, അത്തിക്കയം വഴി ചുറ്റിവേണം പെരുനാട്ടിലെത്താൻ. പത്തനംതിട്ടയിൽ എത്തണമെങ്കിലും കിലോമീറ്ററുകൾ ചുറ്റണം. കിഴക്കേ കരയിലുളളവർക്ക് റാന്നി, സീതത്തോട്, ചിറ്റാർ ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം. ഭാരവാഹനങ്ങൾ ഒഴികെ കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് കോസ് വേ വഴി പൊയ്ക്കൊണ്ടിരുന്നത്. സ്കൂൾ ബസുകൾക്കും എളുപ്പവഴി കോസ് വേയായിരുന്നു. പടിഞ്ഞാറെ കരയിലുളളവർക്ക് പത്തനംതിട്ടയിലെത്തണമെങ്കിലും ദൂരം കൂടുതലായി.
കാൽനട യാത്രികർ കോസ് വേയിലൂടെ കടന്നുപോകുന്നുണ്ട്. കോസ് വേയുടെ ബലക്ഷയം പരിശോധിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുക്കം നിവാസികളായ അഞ്ഞൂറോളം പേർ ഒപ്പിട്ട നിവേദനമാണ് ജില്ലാ കളക്ടർക്കും പഞ്ചായത്തിനും നൽകിയത്.
.....
19 വരെ നിരോധനം തുടരും
മുക്കം കോസ് വേ വഴിയുളള ഗതാഗതം ഇൗ മാസം 19 വരെ നിരോധിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്നു മുതൽ അതി തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിലെ മഴയിലും മലവെളളപ്പാച്ചിലിലുമാണ് കോസ് വേ മുങ്ങിയതും വിളളലുണ്ടായതും. ഇതു കണക്കിലെടുത്താണ് ഗതാഗതം നിരോധിച്ചത്.
....
>> മുക്കം, അടിച്ചിപ്പുഴ, നാറാണംമൂഴി പ്രദേശവാസികൾക്ക് പഞ്ചായത്ത് ഒാഫീസ്, മാർക്കറ്റ്, ഗവ. ആശുപത്രി എന്നിവിടങ്ങളിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം.
....
'' ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന രീതിയിൽ കോസ് വേ താൽക്കാലികമായി തുറന്നുകിട്ടിയാൽ ജനങ്ങൾക്ക് ആശ്വാസമാകും. വെളളം ഇറങ്ങിയ ശേഷം എൻജിനീയർമാർ കോസ് വേ പരിശോധിച്ചിട്ടില്ല. തകരാറുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കണം.
പി.എൻ.വി.ധരൻ, പെരുനാട് പഞ്ചായത്ത് ആസൂത്രണ സമിതി അദ്ധ്യക്ഷൻ.
....
'' പൊതുമരാമത്ത് എൻജിനീയർമാർ ഇന്ന് കോസ് വേ പരിശോധിക്കും. അവരുടെ റിപ്പോർട്ടിനു ശേഷം കോസ് വേ തുറന്നുകൊടുക്കുന്ന കാര്യം തീരുമാനിക്കും.
ബീന സജി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്.