ihrd

ചെങ്ങന്നൂർ: വൈദ്യുതി ഇല്ലാതെ ബാറ്ററി ചാർജ്ജ് തീർന്ന് മൊബൈലുകൾ നിശ്ചലമായി പുറംലോകവുമായി ബന്ധപ്പെടാനാകാത്ത അവസ്ഥ. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണിത്. ഇത്തരം പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുകയാണ് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ക്ലോക്കിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ബാറ്ററികൾ കൊണ്ട് മൊബൈൽ ചാർജ് ചെയ്യാൻ സാധിക്കുന്ന 1400 എം.എ.എച്ച്. പവർ ബാങ്ക് ആണ് നിർമ്മിച്ചത്.
വെറും 200 രൂപ ചെലവിൽ 100 എണ്ണം നിർമ്മിച്ച് കണ്ണൂരിലേക്ക് കൊടുത്തയച്ചു. ഒറ്റത്തവണ ഉപയോഗിക്കാൻ സാധിക്കുന്ന ഇവയുടെ ബാറ്ററി ഉൾപ്പടെ പരിസ്ഥിതി സൗഹൃദമാണ്. കോളേജിലെ ഐ.ഇ.ഇ (ഇൻസ്റ്റിട്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ്) ബ്രാഞ്ചിലെ കുട്ടികളാണ് ആശയത്തിന് പിന്നിൽ. അവധിയായിട്ടു കൂടി കോളേജിലേക്ക് വന്ന 30 വിദ്യാർത്ഥികൾ രണ്ട് ദിവസം കൊണ്ടാണ് 100 പവർബാങ്ക് നിർമ്മിച്ചത്. തുടക്കത്തിൽ കണ്ട ചില പോരായ്മകൾ പരിഹരിക്കാൻ കുറച്ചേറെ സമയമെടുക്കേണ്ടി വന്നു. സാമ്പത്തികവും തടസമായി. അദ്ധ്യാപകരും പൂർവവിദ്യാർത്ഥികളും പണം നൽകി സഹായിച്ചതുകൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായതെന്ന് നേതൃത്വം നൽകുന്ന ഗണേഷ് ശേഖർ, തുഷാർ ടോം എന്നിവർ പറഞ്ഞു.