sabarimala

പത്തനം​തിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. തിരുമുറ്റത്ത് ആഴിയിൽ തന്ത്രി അഗ്നിപകരുന്നതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല. ചിങ്ങം ഒന്നായ 17ന് പുലർച്ചെ 5ന് മേൽശാന്തി ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. നട അടയ്ക്കുന്ന 21ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.

>>

നറുക്കെടുപ്പ് രണ്ടു മാസം നേരത്തേ

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബരിമല, ​മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് ചിങ്ങം ഒന്നിന്‌ നടക്കും. കഴിഞ്ഞ വർഷം വരെ തുലാം ഒന്നിനായിരുന്നു നറുക്കെടുപ്പ്. മേൽശാന്തിമാരായി തിരഞ്ഞെടുക്കപ്പെടുന്നവർ കന്നിമാസം ഒന്ന് മുതൽ 31വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം. ക്ഷേത്രപൂജകളും കാര്യങ്ങളും കൂടുതലായി മനസിലാക്കുന്നതിനാണ് ദേവസ്വം ബോർഡ് പുതിയ സംവിധാനമുണ്ടാക്കിയത്.

ഉയർന്ന മാർക്ക് നേടിയ 9 പേർ വീതമുള്ള രണ്ട് പട്ടിക മേൽശാന്തിമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് വെള്ളിക്കുടങ്ങളാണ് നറുക്കെടുപ്പിനായി ഉപയോഗിക്കുക. ഒന്നാമത്തെ വെള്ളിക്കുടത്തിൽ ശബരിമല മേൽശാന്തിമാരുടെ പട്ടികയിൽ ഉൾപ്പെട്ട ഒൻപത്‌ പേരുടെ പേരുകൾ എഴുതിയ 9 പേപ്പർ തുണ്ടുകളും രണ്ടാമത്തെ കുടത്തിൽ മേൽശാന്തി എന്നെഴുതിയ ഒരു തുണ്ടും എട്ട് ഒന്നുമെഴുതാത്ത തുണ്ടുകളും അടക്കം ആകെ 9 എണ്ണം നിക്ഷേപിക്കും. കുടങ്ങൾ തന്ത്രി ശ്രീകോവിലൽ പൂജിച്ച ശേഷം നറുക്കെടുക്കാൻ പുറത്തേക്കു നൽകും.

ഒന്നാമത്തെ കുടത്തിൽ നിന്ന് എടുക്കുന്ന മേൽശാന്തിയുടെ പേരുള്ള തുണ്ടും രണ്ടാമത്തെ കുടത്തിൽ നിന്ന് എടുക്കുന്ന മേൽശാന്തി എന്നെഴുതിയ കുറിപ്പും ഒന്നിച്ചു വന്നാൽ, ആ പേരുകാരനെ മേൽശാന്തിയായി പ്രഖ്യാപിക്കും. ഇതേ രീതിയിൽ മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പും നടക്കും. മണ്ഡല പൂജകൾക്കായി നട തുറക്കുന്ന ദിവസം പുതിയ മേൽശാന്തിമാരെ അവരോധിക്കും.