തിരുവല്ല: ഈ കുടുംബങ്ങളുടെ ദുരിത ജീവിതം മഴക്കാലത്ത് ഇരട്ടിയാകും. കടപ്ര, നിരണം വില്ലേജുകളുടെ അതിർത്തിയായ നിരണം വെസ്റ്റ് ചേന്നങ്കേരി പാടശേഖരത്തിന്റെ ബണ്ടുചിറയിൽ താമസിക്കുന്ന 30 കുടുംബങ്ങളുടെ അവസ്ഥയാണ് ദയനീയമായി തുടരുന്നത്. രേഖകൾ പ്രകാരം ഇവർ കടപ്ര 13-ാം വാർഡിലാണ് താമസം. എന്നാൽ കടപ്ര പഞ്ചായത്തിലെ ക്യാമ്പിൽ ഇവർക്ക് എത്തണമെങ്കിൽ ഏറെദൂരം സഞ്ചരിക്കണം. ഇതുകാരണം വീടുകളിൽ വെള്ളം കയറിയാലും വീട്ടിൽ വളർത്തുന്ന പശുക്കളെയും കൊണ്ട് കുടുംബാംഗങ്ങൾക്കൊപ്പം ദൂരെയുള്ള ക്യാമ്പുകളിലേക്ക് മാറുന്നതും ബുദ്ധിമുട്ടാണ്. വീടിനു മുമ്പിലുള്ള തോടിനു കുറുകെയുള്ള പാലം കടന്നാൽ നിരണം ലിങ്ക് ഹൈവേയായി. ഇവിടെയാണ് പശുക്കളെയും സുരക്ഷിതമായി കെട്ടിയിരിക്കുന്നത്. എല്ലാ വീടുകളും വെള്ളം കയറിയ നിലയിലാണ്. പുതിയതായി നിർമ്മാണം നടക്കുന്ന ഒരു കെട്ടിടത്തിലാണ് ഇവിടുത്തെ 30 കുടുംബങ്ങൾ കഴിയുന്നത്. ക്യാമ്പിൽ താമസിക്കാത്തത് കാരണം യാതൊരു വിധ ആനുകൂല്യങ്ങളും ഈ കുടുംബങ്ങൾക്ക് ലഭിക്കില്ല എന്നാണ് ഇവരുടെ പരാതി. ഇവിടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ചരിഞ്ഞു. റാന്നിച്ചിറ ദാമോദരന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്.