കോഴഞ്ചേരി : മഴവെള്ളം കെട്ടിക്കിടന്ന് കോഴഞ്ചേരി പൊയ്യാനിൽ പ്ലാസക്കു മുൻവശം കുളമാകുന്നു. ബസ് ബേയിൽ മുട്ടറ്റം വെള്ളമാണ് ചെറിയ മഴ പെയ്താൽ പോലും ഇവിടെ. ഇതുകാരണം യാത്രക്കാർ ദുരിതത്തിലാണ്. ഒന്നര വർഷം മുമ്പ് സി.കേശവൻ സ്‌ക്വയറിന് കിഴക്കുവശത്തുകൂടി റോഡിന് കുറുകെ ലക്ഷങ്ങൾ ചെലവഴിച്ച് കലുങ്കുപോലെ ഓട നിർമ്മിച്ചിരുന്നു. ഇതുകൊണ്ട് യാതൊരു പ്രയോജനം ഇല്ലാത്ത സ്ഥിതിയാണ്. മാത്രമല്ല കൊതുകുകളുടെ താവളമായി മാറിയിരിക്കുകയാണ് ഇവിടം. ജില്ലാ ആശുപത്രി പടിക്കൽ മുതൽ ഒഴുകിയെത്തുന്ന മലിന ജലം സി.കേശവൻ സ്‌ക്വയറിന് മുൻവശത്തുകൂടി റോഡിൽ ഒഴുകുകയാണ്.കലുങ്ക് നിർമ്മിച്ച് റോഡ് അറ്റകുറ്റപ്പണികൾ ചെയ്ത് വാഹനങ്ങൾ ഓടാൻ സൗകര്യമൊരുക്കിയപ്പോൾ ബസ് കാത്തുനിൽക്കുന്നവർ ചെളി വെള്ളത്തിൽ നിൽക്കേണ്ട ഗതികേടാണ്.അടിയന്തരമായി ഓട നിർമ്മിച്ച് വെള്ളം ഒഴുകി പോകാനുള്ള സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരിഹാരം
അഞ്ച് മീറ്റർ ദൂരത്തിൽ ബസ് ബേയുടെ വശത്തുകൂടി ഓട നിർമ്മിച്ചാൽ ഇതിന് ശാശ്വത പരിഹാരം ഉണ്ടാകും.റോഡിന് കുറുകെ കലുങ്ക് നിർമ്മിച്ചതുമുതലാണ് ബസ് ബേയിൽ വെള്ളം ഒഴുകിപോകാൻ കഴിയാത്തത്.