പള്ളിക്കൽ:പഞ്ചായത്തും റവന്യു അധികൃതരും ഉണർന്നു.ചേന്നംപുത്തൂർ കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി. ഫ്ലാറ്റ് നിർമ്മിക്കാൻ എൻ ഒ സി ആവശ്യപെട്ട് പഞ്ചായത്ത് ഹൗസിംഗ് ബോർഡിന് കത്തും നൽകി. പള്ളിക്കൽ പഞ്ചായത്തിലെ ചെറുകുന്നം ചേന്നംപുത്തൂർ കോളനിയിലെ ഏതുനിമിഷവും നിലംപൊത്താറായ ഒറ്റമുറിവീടുകളിൽ ആളുകൾ ഭീതിയോടെ കഴിയുന്നവാർത്ത ഇന്നലെ കേരളകൗമുദി റിപ്പോർട്ടുചെയ്തിരുന്നു. വാർത്തശ്രദ്ധയിൽപ്പെട്ടയുടനെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീനാ റാണി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ അടൂർ തഹസിൽദാർ ബീനാ എസ് ഹനീഫിന് നിർദ്ദേശം നൽകി. രാവിലെതന്നെ തഹസിൽദാർ കോളനിയിലെത്തി. തുടർന്ന് പള്ളിക്കൽപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ പി സന്തോഷ് ,വാർഡ് മെമ്പർ എം ശിവദാസ് എന്നിവർ കോളനിയിലെത്തി താമസക്കാരുടെ ദുരവസ്ഥനേരിൽ കണ്ടു. ഇവരെ അടിയന്തരമായി ക്യാമ്പ് സംഘടിപ്പിച്ച് മാറ്റി പാർപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാകളക്ടറെ വിളിച്ചാവശ്യപെട്ടു. തഹസിൽദാറും അടിയന്തയമായി ഇവരെ മാറ്റിത്താമസിപ്പിക്കണമെന്ന് റിപ്പോർട്ട് നൽകി. പൊലീസ് സ്പെഷ്യൽബ്രാഞ്ചും അടിയന്തരസാഹചര്യം ചൂണ്ടികാട്ടി റിപ്പോർട്ട് നൽകി. തോട്ടുവ ഗവ:എൽ പി സ്കൂളിൽ ക്യാമ്പ് തുടങ്ങാൻ തത്വത്തിൽ തീരൂമാനിച്ചെങ്കിലും വൈകിട്ട് 3 മണിയോടെ കോളനിയിലെത്തിയ അടുർ ആർ ഡി ഒ ഏബ്രഹാം പുതിയ ക്യാമ്പ് ആരംഭിക്കേണ്ടെന്ന് ഇന്നലെ രാവിലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വന്നകാര്യം ചൂണ്ടികാട്ടി .. തുടർന്ന് ചിറ്റയം ഗോപകുമാർ എം എൽ എ ജില്ലാകളക്ടറെ ഫോണിൽ ബന്ധപെട്ട് ക്യാമ്പ് തുടങ്ങാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു. . ഡിവൈ.എസ്.പി ജവഹർ ജനാർദ്ധ്, പഞ്ചായത്ത് സെക്രട്ടറി റോയി തോമസ്, പള്ളിക്കൽ വില്ലേജ് ഒാഫീസർ സുധാമണി, പെരിങ്ങനാട് വില്ലേജ് ഒാഫീസർ ദീപു, ഡെപ്യൂട്ടി തഹസിൽദാർ ജോൺസാം, ആർ ഡി ഒ ഒാഫീസ് ജൂനിയർ സൂപ്രണ്ട് ഷാലികുമാർ, വില്ലേജ് ഉദ്യോഗസ്ഥരായ സഞ്ജയ് നാഥ്, രാജൻ, ബിനു തുടങ്ങിയവരും കോളനിയിലെത്തി പുനരധിവാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തുടർന്ന് വൈകിട്ട് 6മണിയോടെ കോളനിയിലുള്ളവരെ തോട്ടുവ ഗവ എൽ പി എസിലേക്ക് മാറ്റി. ഡി വൈ എഫ് ഐ തെങ്ങമം മേഖലാ കമ്മിറ്റി പ്രവർത്തകർ സ്കൂളിലെത്തി താമസക്കാർക്ക് വേണ്ടസഹായങ്ങൾ ചെയ്തു.

------------------------

ചേന്നംപുത്തൂർ കോളനിക്കാരുടെ ദുരവസ്ഥ സംബന്ധിച്ച് കേരളകൗ മുദി നൽകിയ വാർത്ത മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. ഫ്ലാറ്റ് നിർമ്മിക്കുന്നതിന് ഹൗസിംഗ് ബോർഡിൽ നിന്ന് എൻ ഒ സി വേഗം വാങ്ങി അടിരന്തര നടപടി സ്വീകരിക്കും.

ചിറ്റയം ഗോപകുമാർ എം എൽ എ

-------------------------------------

കോളനിയിലെ ഒരു വീടും വാസയോഗ്യമല്ല. സ്ഥലം ഹൗസിംഗ് ബോർഡിന്റേതായതിനാൽ പഞ്ചായത്തിന് ഇവരെ സഹായിക്കാൻ പരിമിതികളുണ്ട് .എൻ ഒസി തരാൻ ഹൗസിംഗ് ബോർഡ് തയ്യാറാണന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ എൻ ഒ സി ആവശ്യപെട്ട് ഹൗസിംഗ് ബോർഡിന് കത്തയച്ചു. സർക്കാരിന്റെസഹായത്തോടെ ചേന്നംപൂത്തൂർ കോളനിയുടെ ദുരവസ്ഥയ്ക് പരിഹാരം കാണും

ജി പ്രസന്നകുമാരി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്