1

ഇളമണ്ണൂർ: ജനത്തെ ഭീതിയിലാഴ്ത്തി ഏനാദിമംഗലം പഞ്ചായത്തിൽ പാറമടകൾ.കിൻഫ്ര വ്യവസായ പാർക്കിനോട് ചേർന്നുള്ള പാറമടകളാണ് ഏനാദിമംഗലത്തുകാരെ മറ്റൊരു കവളപ്പാറയോ പുത്തുമലയോ ആക്കുമെന്ന ഭീതി ഉണർത്തുന്നത്. ഏനാദിമംഗലത്ത് 10 പാറമടകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. നാല് പാറമടകൾക്ക് നിലവിൽ പ്രവർത്തനാനുമതിയുണ്ട്. അഞ്ച് പാറമടകൾ പ്രവർത്തനാനുമതി കാത്ത് നിൽക്കുന്നു. പത്തോളം ഉപേക്ഷിക്കപെട്ട പാറമടയിലെ കെട്ടി കിടക്കുന്ന ലക്ഷകണക്കിന് ലിറ്റർ ജലം കുത്തിയൊലിച്ച് വന്നാൽ ഏനാദിമംഗലം പഞ്ചായത്തിന്റെ പകുതിയോളം നാമാവിശേഷമാകും. ഇത്ര ഭീതിജനകമായ സാഹചര്യമുണ്ടായിട്ടും വീണ്ടും പാറമടകൾക്ക് ലൈസൻസ് നൽകാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. റബർ മരങ്ങളാൽ നിറഞ്ഞ മനോഹരമായ പ്രദേശമായിരുന്നു കിൻഫ്രാ കുന്നുകളും സ്കിന്നർ പുരം എസ്റ്റേറ്റും ഉൾപെടുന്ന ഭൂപ്രദേശം. എന്നാൽ ഇന്ന് പാറക്വാറികൾ തീർത്ത ആഗാധ ഗർത്തങ്ങളും മണ്ണെടുപ്പും ഇതിന്റെ രൂപരേഖ തന്നെ മാറ്റി. പല പാറമടകളിലും മണ്ണിടിഞ്ഞ് നിരവധി ജീവനുകളും പൊലിഞ്ഞിട്ടുണ്ട്.

കണ്ണങ്കരയിൽ അതിജീവന സമരം 110 ദിവസത്തിലേക്ക്

കുന്നിട കണ്ണങ്കരയിൽ പ്രവർത്തിച്ച് വരുന്ന രണ്ട് പാറമടകൾ കാരണം നൂറ്റമ്പതോളം വരുന്ന കണ്ണങ്കര കോളനി നിവാസികൾ ഉറങ്ങിയിട്ട് നാളുകളായി. പാറമടക്ക് വേണ്ടി വലിയ തോതിൽ എടുത്ത മണ്ണും കല്ലുകളും കഴിഞ്ഞ മഴ സമയത്ത് മീറ്ററുകൾ മാത്രം അടിവാരത്തിലെ വീടുകളുടെ മുകളിലേക്ക് വൻ തോതിൽ പതിച്ചിരുന്നു. ഉരുൾ പൊട്ടലാകാമെന്ന് സംശയിച്ച് പലരും വീടുകൾ വിട്ട് ഓടിമാറുകയും ചെയ്തിരുന്നു. പാറമട പൊട്ടിക്കുന്നതിനായി നടത്തുന്ന സ്ഫോടനങ്ങളിൽ കോളനികളുടെ ഭിത്തികൾ തകരുകയും കുട്ടികളുടെ ഉൾപ്പെടെയുളളവരുടെ മുകളിലേക്ക് പാറ ചീളുകൾ പതിക്കുന്നതും നിത്യ സംഭമാണ്. പാറമടയുടെ പ്രവർത്തനം തടയണമെന്നാവശ്യവുമായി തുടങ്ങിയ അതി ജീവന സമരത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ ഉൾപ്പെടെ പങ്കെടുത്തിരുന്നു. പാറമടക്കെതിരെ പ്രവർത്തിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണി പെടുത്തുന്നതായും പരാതികളുണ്ട്.

ജില്ലയിലെ ക്വാറി മാഫിയകളെ കയറൂരി വിട്ടാൽ മലയോര മേഖല വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കും.

അവിനാഷ് പള്ളിനഴികത്ത്

(പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്)

- ഉപേക്ഷിക്കപ്പെട്ടത് 10 പാറമടകൾ

-പ്രവർത്തനാനുമതി ഉള്ളത് 4 എണ്ണം

അനുമതിക്കായി കാത്തിരിക്കുന്നത് 5 എണ്ണം