ചെങ്ങന്നൂർ: ഇത് പാണ്ടനാട് നോർത്ത് വാലയിൽ വൈഷ്ണവം വീട്. പ്രളയജലത്തെ തോൽപ്പിച്ച് പ്രദേശവാസികൾക്ക് ജീവജലം നൽകിയ കിണർ ഉളളത് ഈ വീട്ടുമുറ്റത്താണ്. ഈ കിണറ്റിലെ ശുദ്ധജലം ഇല്ലായിരുന്നെങ്കിൽ നിരവധി കുടുംബങ്ങൾ മലിനജലത്തെയോ മഴവെളളത്തേയോ ആശ്രയിക്കേണ്ടിവരുമായിരുന്നു. പമ്പാ നദിയോട് ചേർന്നുളള ഈ വീട്ടിലാണ് രാജേന്ദ്രൻപിളളയും ശോഭാരാജനും താമസിക്കുന്നത്. കഴിഞ്ഞ വർഷം പ്രളയജലം ഈ പ്രദേശമാകെ ഭീതിജനകമായി ഒഴുകി ഇയർന്നപ്പോൾ ഈ കിണർമാത്രം അതിൽനിന്നും എങ്ങനെ മുക്തമായെന്ന് ഇന്നും പ്രദേശവാസികൾക്ക് അത്ഭുതമാണ്.
അമ്പതിൽപരം ആളുകൾക്ക് ജീവജലമായി
കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് രാത്രിയിൽ പ്രദേശത്ത് പ്രളയജലം ഭീതി ജനിപ്പിച്ച് ഒഴുകിയെത്തി. ഇതോടെ ഒരുനിലവീടുളളവരെല്ലാം തന്നെ സമീപത്തെ ഇരുനിലവീടുകളിലേക്കും കോൺക്രീറ്റ് ചെയ്ത വീടിന്റെ മുകൾഭാഗത്തും അഭയം പ്രാപിച്ചു. സമീപത്തെ മുഴുവൻ ശുദ്ധജല ശ്രോതസുകളും പ്രളയജലത്തിൽ മലിനമായി. ആളുകൾ കൂട്ടമായി എത്തിയതോടെ ക്യാമ്പുകളായ വീടുകളിൽ ടാങ്കുകളിലും മറ്റുമായുണ്ടായിരുന്ന ജലം ഒരു ദിവസംകൊണ്ടുതന്നെ തീർന്നു. ഇതോടെയാണ് പ്രളയജലം കയറാതെ കിടന്ന ഈ കിണർ സമീപത്തെ പത്തോളം ചെറു ക്യാമ്പുകളിലെ അമ്പതിൽപരം ആളുകൾക്ക് ജീവജലമായി മാറിയത്. കഴുത്തറ്റം വെളളത്തിൽ സിജി പ്രസന്നനും സുഹൃത്തുക്കളുമാണ് മിക്ക ക്യാമ്പുകളിലേക്കും ഈ കിണറ്റിൽ നിന്നും വെളളം എത്തിച്ചു നൽകിയത്.
ഈ വർഷവും തിരക്കിയത് വാലയിലെ കിണറിനെ
പ്രളയ ജലം ഇറങ്ങിയ ശേഷവും ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തിയെങ്കിലും മാസങ്ങൾക്കു ശേഷമാണ് പ്രദേശത്തുളളവർ സ്വന്തം കിണറുകളിലെ ജലം ഉപയോഗിക്കാൻ തുടങ്ങിയത്. ഈ വർഷം വീണ്ടും പ്രളയഭീതി ഉയർന്നപ്പോൾ ആദ്യം പ്രദേശവാസികൾ തിരക്കിയതും കഴിഞ്ഞ വർഷം തങ്ങൾക്ക് ജീവജലമേകിയ വാലയിൽ കിണറിനെയാണ്.