പത്തനംതിട്ട: നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്റിറനറി ഒാഫീസിലേക്കും മൃഗാശുപത്രിയിലേക്കും പോകണമെങ്കിൽ സാഹസികരായിരിക്കണം. റിംഗ് റോഡിൽ നിന്നുളള മണ്ണുപാതയിൽ നിറയെ വെളളക്കെട്ടാണ്. ജീവനക്കാരും ചികിത്സയ്ക്ക് വളർത്ത് മൃഗങ്ങളുമായി വരുന്നവരും ചെളിവെളളത്തിൽ ചവിട്ടിയേ മുന്നോട്ടു പോകാനാകൂ. റോഡിന് ഇരുവശത്തും വെളളം നിറഞ്ഞ ചതുപ്പുമാണ്. തെന്നിയാൽ റോഡിന്റെ വശങ്ങളിലെ ഒരാൾ പൊക്കമുളള ചതുപ്പിൽ വീഴും. ഇവിടം ഇഴജന്തുക്കളുടെ കേന്ദ്രവുമാണ്. റോഡിന്റെ വശത്ത് കഴിഞ്ഞ ദിവസം പതിനഞ്ച് അടി നീളമുളള പെരുമ്പാമ്പിനെ ജീവനക്കാരും പരിസരവാസികളും കണ്ടിരുന്നു. മഴ കനത്താൽ റോഡും ചതുപ്പും തിരിച്ചറിയാൻ പറ്റാത്ത വെളളക്കെട്ടാണ്. വാഹനങ്ങൾക്ക് കെട്ടിടത്തിന് മുന്നിലേക്ക് എത്താൻ കഴിയില്ല. റോഡ് ഉയർത്തി പുനർനിർമിക്കാനുളള 30 ലക്ഷം രൂപയുടെ പദ്ധതി നഗരസഭയുടെ ഫയലിൽ ഉറങ്ങുകയാണ്.
റിംഗ് റോഡിൽ നിന്ന് കെട്ടിടത്തിലേക്ക് നിർമിച്ച മുന്നൂറ് മീറ്റർ നീളത്തിലെ പ്രധാന റോഡാണ് കുളമായി കിടക്കുന്നത്. രണ്ടു തവണയായി റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വെളളക്കെട്ട് ഒഴിയുന്നില്ല. വേനൽക്കാലത്ത് പൊടിശല്ല്യവുമാണ്.
നഗരത്തിൽ പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്ന വെറ്റിറനറി ഒാഫീസ്, ജില്ലാ മൃഗാശുപത്രി തുടങ്ങിയവ റിംഗ് റോഡിന് സമീപത്ത് സ്വന്തമായുളള മൂന്നു നില കെട്ടിടത്തിലേക്ക് മാറ്റിയത് 2016ലാണ്. 60 ജീവനക്കാരുണ്ട്. ചികിത്സയ്ക്ക് വളർത്ത് മൃഗങ്ങളുമായി ഒരു ദിവസം ശരാശരി 100 ആളുകൾ ഇവിടെയെത്തുന്നുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ട് വരെയാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്. ഇരുട്ട് വീണാൽ ആശുപത്രിയിലേക്ക് എത്താൻ റോഡിൽ വെളിച്ചമില്ല.
നഗരത്തിൽ സെന്റ് ലൂക്ക് ആശുപത്രിയുടെ മുന്നിലൂടെയുളള ഇടുങ്ങിയ വഴിയാണ് വെറ്റിറനറി കേന്ദ്രത്തിലെത്താനുളള മറ്റൊരു മാർഗം. ഇവിടെ ഒരു കാറിന് പോകാനുളള വീതി മാത്രമാണുളളത്. പകൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഇൗ റോഡിൽ പാർക്കു ചെയ്യുന്നതിനാൽ വെറ്റിറനറി ഒാഫീസിലേക്ക് എത്താൻ കഴിയില്ല.
......
>> 30 ലക്ഷത്തിന്റെ പദ്ധതി ഫയലിൽ ഉറങ്ങുന്നു.
>> റോഡിന് ഇരുവശവും ആറടി പൊക്കത്തിൽ വെളളക്കെട്ട്, ഇഴ ജീവികളുടെ കേന്ദ്രം
>> മഴ കനത്താൽ വെളളം നിറഞ്ഞ് റോഡും ചതുപ്പും തിരിച്ചറിയില്ല
പരിഹാരം
1. റോഡ് ഉയർത്തി നിർമിക്കണം.
2. വെളളം ഒഴുകിപ്പോകാൻ റോഡിന് കുറുകെ കലുങ്ക് നിർമിക്കണം.
3. രാത്രിയിൽ മൃഗാശുപത്രിയിലേക്ക് പോകാൻ വഴിവിളക്ക് വേണം.
'' ജില്ലാ മൃഗാശുപത്രി റോഡ് പുനർനിർമിക്കാൻ 30 ലക്ഷത്തിന്റെ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിക്കും. നിർമാണം വൈകില്ല.
പി.കെ.ജേക്കബ്, നഗരസഭാ കൗൺസിലർ.
....
മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്
> ജില്ലാ മൃഗസംരക്ഷണ ഒാഫീസ്
> ജില്ലാ മൃഗാശുപത്രി.
> ഉൗർജിത കന്നുകാലി വികസനം ജില്ലാ ഒാഫീസ്.
> ആനിമൽ ഡിസീസ് കൺട്രോൾ ഒാഫീസ് (കുളമ്പ്, പേവിഷം തുടങ്ങിയവ)
> കോഴഞ്ചേരി, അടൂർ താലൂക്ക് മോണിറ്ററിംഗ് ഒാഫീസ്.