പ​ത്ത​നം​തിട്ട : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടിനും സമൂഹ അന്നദാനത്തിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഷ്ടമിരോഹിണി വഴിപാട് വള്ളസദ്യ 23ന് നടക്കും. 52 പള്ളിയോടകരകളും വഴിപാടിൽ പങ്കെടുക്കും.
അഷ്ടമിരോഹിണി നാളിൽ പതിനായിരം രൂപയ്ക്ക് ഒരു പള്ളിയോടത്തിന് വഴിപാടായി വള്ളസദ്യ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ആയിരം രൂപ മുതൽ പതിനായിരം രൂപ വരെയുള്ള കൂപ്പണുകൾ അഷ്ടമിരോഹി വഴിപാട് വള്ളസദ്യ സമർപ്പണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വഴിപാട് നടത്തുന്നവർക്ക് അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരു പ്രത്യേക കൂപ്പൺ ലഭിക്കും. പള്ളിയോട സേവാസംഘവും വള്ളസദ്യ നിർവഹണ സമിതിയുമാണ് വള്ളസദ്യക്ക് നേതൃത്വം നൽകുന്നത്. അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, നാളികേരം തുടങ്ങിയവ ഭക്തരുടെ വഴിപാടായാണ് സമർപ്പിക്കുന്നത്. ഇതിനായുള്ള ഉത്പന്നങ്ങൾ പള്ളിയോടകരകളിൽ നിന്ന് സമാഹരിക്കും.
ഒരു ലക്ഷത്തോളം ഭക്തർ വള്ളസദ്യ വഴിപാടിന് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴയിൽ നിന്നുള്ള സംഘം ഒരുക്കുന്ന പാൽപ്പായസം ചേനപ്പാടിയിൽ നിന്നുള്ള ഭക്ത സംഘം എത്തിക്കുന്ന പാളത്തൈര് തുടങ്ങിയ വിശേഷപ്പെട്ട വിഭവങ്ങളുമായാണ് വള്ളസദ്യ വഴിപാട് നടത്തുന്നത്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് വഴിപാട് സമർപ്പിക്കാനാഗ്രഹിക്കുന്നവർക്ക് പള്ളിയോട സേവാസംഘവുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക് ഫോൺ : 8281113010.