bund
കുറ്റൂരിലെ തകർച്ചയിലായ ബണ്ട് മണ്ണിട്ടുയർത്തി നാട്ടുകാർ ബലപ്പെടുത്തുന്നു

തിരുവല്ല: മണിമലയാറിന്റെ തീരത്തെ തകർച്ചയിലായ സംരക്ഷണ ബണ്ട് വെള്ളപ്പൊക്ക ഭീഷണിയെതുടർന്ന് നാട്ടുകാർ താൽക്കാലികമായി പുനസ്ഥാപിച്ചു. കുറ്റൂർ മണിമല റെയിൽവേ പാലത്തിന് സമീപത്തുണ്ടായിരുന്ന സംരക്ഷണ ബണ്ടാണ് കഴിഞ്ഞ മഹാപ്രളയത്തിൽ തകർന്നത്. ഇതുകാരണം കുറ്റൂർ പഞ്ചായത്തിലെ 3,4,10,11 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് മണിമലയാറ്റിലെ വെള്ളം തള്ളിക്കയറി പ്രദേശത്താകെ വെള്ളക്കെട്ട് രൂപപ്പെട്ടു. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ വഞ്ചിമല, അനിച്ചക്കോട്, മണിമന്ദിരം എന്നിവിടങ്ങളിലെ മുന്നൂറിലേറെ കുടുംബങ്ങളെയാണ് ദുരിതം ബാധിച്ചിരിക്കുന്നത്. കയറിയ വെള്ളം ഒഴുകിപ്പോകാതെ കെട്ടികിടക്കുകയും ചെയ്യുന്നതിനാൽ ഇവരുടെ ബുദ്ധിമുട്ട് ദിവസങ്ങളോളം നീളും. ഈവർഷം രണ്ടുതവണയാണ് ബണ്ടിന്റെ തകർച്ച കാരണം പ്രദേശവാസികൾ ദുരിതത്തിലായത്. ജനവാസ കേന്ദ്രത്തിലെ വെള്ളക്കെട്ടിന്റെ ദുരിതം നാട്ടുകാർ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ല.അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘടിച്ച് പിരിവെടുത്ത് മണ്ണിറക്കിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സന്നദ്ധ സേവനത്തിനായി രംഗത്തിറങ്ങി. ഇവിടുത്തെ കറുത്താലിപ്പടി ഷട്ടറും മണിമലയാറിന്റെ സംരക്ഷണ ബണ്ടും ബലപ്പെടുത്തിയാൽ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറഞ്ഞു.