ccc

തിരൂർ: ചിങ്ങം ഒന്നിന് ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് പോകാൻ ഒരുങ്ങുന്നതിനിടെയാണ് മേൽശാന്തിയായി നറുക്കു വീണ വാർത്ത തിരുനാവായ അരീക്കര ഇല്ലത്തെ സുധീർ നമ്പൂതിരി അറിഞ്ഞത്. രാവിലെ മുതൽതന്നെ അഭിനന്ദന പ്രവാഹമായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം അടക്കമുള്ള വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ നിയുക്ത മേൽശാന്തിയെ കാണാൻ ദേശീയ മാദ്ധ്യമങ്ങൾ വരെ തിരുനാവായയിലെത്തി. ശബരിമലയിലെ ഒരു തർക്കങ്ങളിലും അഭിപ്രായം പറയാൻ താനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലെ പാരമ്പര്യ മേൽശാന്തിമാരാണ് അരീക്കര ഇല്ലക്കാർ .അച്ഛൻ നാരായണൻ നമ്പൂതിരിയുടെ കാലശേഷം സുധീർ നമ്പൂതിരിയാണ് മേൽശാന്തി. പതിവായി ശബരിമല ദർശനം നടത്താറുള്ള സുധീർ നമ്പൂതിരി കഴിഞ്ഞ ഒമ്പതു വർഷമായി മേൽശാന്തിക്കായി അപേക്ഷ അയക്കാറുണ്ടായിരുന്നു.ഇക്കൊല്ലം കലിയുഗവരദൻ തുണച്ചു. നവാമുകുന്ദന്റെ അനുഗ്രഹത്താലാണ് അയ്യപ്പസ്വാമിയെ പൂജിക്കാനുള്ള മഹാഭാഗ്യം ലഭിച്ചതെന്ന് സുധീർ നമ്പൂതിരി പറഞ്ഞു. ഭർത്താവിനുണ്ടായ ഈശ്വരനിയോഗത്തിൽ സന്തോഷമുണ്ടെന്ന് പത്‌നി മഞ്ചേരി നെല്ലിക്കാ പൊറ്റകല്ലിൽ നാരായണമംഗലത്ത് മനക്കൽ ശ്രീജ പറഞ്ഞു. വിദ്യാർത്ഥികളായ വേദിക, ദേവിക എന്നിവരാണ് മക്കൾ