private-bus

റാന്നി : പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ''എംബസി'' ബസിന്റെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇടമുറി​ - റാന്നി - ​എരുമേലി​ - മുണ്ടക്കയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിന്റെ വെള്ളിയാഴ്ചത്തെ കളക്ഷനാണ് ദുരിതം അനുഭവിക്കുന്നവർക്കായി മാറ്റിവച്ചത്. പ്രളയബാധിതർക്ക് സഹായനിധി ശേഖരിക്കാൻ അന്നേ ദിവസം ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് കളക്ഷൻ നടത്തുകയായിരുന്നു. എരുമേലി സ്വദേശി പനച്ചിയിൽ പി.എ.സലീമാണ് ബസിന്റെ ഉടമ. ഒരു ദിവസത്തെ വരുമാനം പ്രളയബാധിതരെ സഹായിക്കാനായി മാറ്റിവയ്ക്കുന്നുവെന്ന് ഉടമ അറിയിച്ചയുടൻ ബസ് ജീവനക്കാരായ അഷ്റഫും ബിജുവും ഒരു ദിവസത്തെ ശമ്പളം സഹായനിധിയിലേക്ക് നൽകാൻ സന്നദ്ധരായി. യാത്രക്കാർ കഴിവിനനുസരിച്ചുള്ള തുകകൾ സംഭാവനയായി നൽകി. പ്രളയബാധിതരെ സഹായിക്കുന്നതിൽ യാത്രക്കാരുടെ സഹകരണം വലുതായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിലും സഹായമെത്തിക്കാൻ സലീമും ജീവനക്കാരും കാരുണ്യയാത്ര നടത്തിയിരുന്നു. ഇത്തവണ 20,000ൽ അധികം രൂപ കളക്ഷൻ ലഭിച്ചു.