kaupuzha

പന്തളം: ആത്മീയതയിൽ നിന്ന് അകന്നതാണ് ഹിന്ദു സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ചു നടന്ന ആത്മീയ വിജ്ഞാന സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള പുരാതനവും ശ്രേഷ്ഠവുമായ സംസ്‌കാരമാണു ഹിന്ദുവിന്റേത്. അത്തരമൊരു സംസ്‌കാരത്തിനുടമയാകുന്നതു തന്നെ ഭാഗ്യമാണ്. രാഷ്ട്രീയമായ ഭേദങ്ങളാൽ ഹിന്ദുവെന്ന ചിന്തകളഞ്ഞു പ്രവർത്തിക്കുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും ഉറവിടം. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ ഗ്രന്ഥങ്ങളിലുണ്ട്. അതിനാൽ നമ്മിൽ ആത്മീയമായ ഉണർവ്വുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ. നാരായണവർമ്മ, പൃഥ്വിപാൽ , മനോജ് നന്ദാവനം എന്നിവർ സംസാരിച്ചു.