thakkol-danam
പുനർ നിർമ്മിച്ച ശാസ്താംപുറം വീടിന്റെ താക്കോൽ സജി ചെറിയാൻ എം.എൽ.എ സൂസമ്മയ്ക്ക് കൈ മാറുന്നു.

ചെങ്ങന്നൂർ: സൂസമ്മക്കിനി ആശ്വാസത്തോടെ അന്തിയുറങ്ങാം. കരുണയുടെ കാരുണ്യത്താൽ ഇവരുടെ ദുരിതപർവം തീർന്ന് ചോരാത്ത വീടെന്ന സ്വപ്‌നം യാഥാത്ഥ്യമായി. ശാസ്താംപുറം മാർക്കറ്റിൽ ചെറുകിട പച്ചക്കറി വ്യാപാരം നടത്തിയിരുന്ന വിധവയാണ് ശാസ്താംപുറം വീട്ടിൽ സൂസമ്മ (59). ഭർത്താവ് ജോർജ്ജിന്റെ മരണ ശേഷം സ്ഥിരം തൊഴിലില്ലാത്ത മകൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഭാരം സൂസമ്മയുടെ ചുമലിലായി. ഇതിനിടെ പ്രമേഹം പിടിപെട്ട ഇവരുടെ രോഗം മൂർച്ഛിച്ചു. കടച്ചവടം നടത്താൻ കഴിയാത്ത അവസ്ഥ സംജാതമായതോടെ ചികിത്സയ്ക്കു പോലും പണമില്ലാത്ത അവസ്ഥയിലായി. പ്രമേഹരോഗം കടുത്തതോടെ ഇടതു കാലിലെ രണ്ടു വിരലുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുറിച്ചു നീക്കി. ഇതോടെ പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടിലായി. ഇതിനിടെ ഇവരുടെ വീടിന്റെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നുവീണു. അന്തിയുറങ്ങാൻ മറ്റുമാർഗങ്ങളില്ലാതായതോടെ മാർക്കറ്റ് കെട്ടിടത്തിനു മുകളിൽ ടാർപോളിൻ വലിച്ചു കെട്ടിയാണ് ഈ മഴക്കാലം സൂസമ്മയും മകനും തളളിനീക്കിയത്. ഇവരുടെ ദുരവസ്ഥ അറിഞ്ഞതോടെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാനും എം.എൽ.എയുമായ സജി ചെറിയാൻ സൂസമ്മക്ക് വീട് പുനർ നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്തു. സി.പി.എം ശാസ്താംപുറം ബ്രാഞ്ചും, മാന്നാർ ചോരാത്ത വീട് പദ്ധതി പ്രവർത്തകരും ചേർന്നതോടെ വാസയോഗ്യമായ വീട് എന്ന സൂസമ്മയുടെ സ്വപ്നം യാഥാർത്ഥ്യമായി.

കരുണയുടെ 13-ാമത്തെ വീട്
കരുണ നിർമ്മിച്ചു നൽകുന്ന പതിമൂന്നാമത് വീടാണിത്. വീടിന്റെ താക്കോൽദാനം സജി ചെറിയാൻ എം.എൽ.എ നിർവ്വഹിച്ചു. ജോൺ വർഗ്ഗീസ് പറങ്കാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, ചോരാത്ത വീട് പദ്ധതി കൺവീനർ കെ.എ കരീം, ഫാ. ജാക്‌സൺ ജോർജ്ജ്, എം.കെ മനോജ്, വി.വി അജയൻ, യു. സുഭാഷ്, ബാബു തൈവട, കെ.പി മുരുകേഷ്, റോയി പുത്തൻപുരയ്ക്കൽ, ജിബിൻ ഗോപിനാഥ്, കെ.ആർ സോമൻ, മോഹൻ കൊട്ടാരത്തു പറമ്പിൽ, കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, ബാബു തൈവട എന്നിവർ സംസാരിച്ചു.