പത്തനംതിട്ട: മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഡി.എഫ്.ഒമാർക്കും വൈൽഡ് ലൈഫ് വാർഡൻമാർക്കും സംസ്ഥാന സർക്കാർ അധികാരം നൽകി. കാട്ടുപന്നികൾ ഗുരുതര രോഗാവസ്ഥയിലായി ജനവാസ മേഖലയിലെത്തിയാലും കൊല്ലാം.
കൊടുമൺ അങ്ങാടിക്കൽ ദിവ്യാഭവനിൽ എൻ.ദേവരാജൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലും സർക്കാരിലും നൽകിയ നിരന്തരപരാതികളുടെയും നിയമനടപടികളുടെയും ഫലമായാണ് സർക്കാർ ഉത്തരവിറക്കിയത്. കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതു കാരണം ജീവിതം വഴിമുട്ടിയപ്പോഴാണ് കർഷകനായ ദേവരാജൻ പരാതികളുമായി സർക്കാരിനെ സമീപിച്ചത്. കാട്ടുപന്നികൾ വന്യജീവി വിഭാഗത്തിൽപ്പെട്ടതാണെന്നും ജനവാസ മേഖലയിലെത്തുന്ന അവയെ തുരത്തിയാൽ നിയമനടപടിയെടുക്കുമെന്നുമായിരുന്നു വനംവകുപ്പിന്റെ നിലപാടുകൾ. എന്നാൽ, ദേവരാജൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് നടത്തിയ പോരാട്ടത്തിനൊടുവിലാണ് സർക്കാർ ഉത്തരവിറങ്ങിയത്.
കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം കൃഷിയിടത്തിൽ വച്ച് ലൈൻസുളള തോക്ക് ഉപയോഗിച്ച് വെടിവച്ചോ അല്ലാതയോ വേട്ടയാടുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി കർഷകർക്ക് അനുവാദം നൽകുന്നതായിരുന്നു സർക്കാരിന്റെ ആദ്യ ഉത്തരവ്. വെടിവച്ച് കൊല്ലുന്നതിനുളള മാർഗനിർദേശങ്ങൾ പ്രയോഗികമല്ലെന്ന് ദേവരാജൻ അടക്കമുളള കർഷകരും ജനപ്രതിനിധികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽക്കുന്നതായി ചൂണ്ടിക്കാട്ടി വനംവകുപ്പ് കർഷകർക്കെതിരെ കേസടുത്ത സംഭവങ്ങളും ചൂണ്ടിക്കാട്ടി. വനംവകുപ്പിന്റെ അനുമതി വാങ്ങിയേ ജനവാസ മേഖലയിലെ കാട്ടുപന്നികളെ കൊല്ലാവൂ എന്നതായിരുന്നു പ്രയോഗികമല്ലാത്ത മറ്റൊരു നിർദേശം. ഇതേതുടർന്ന് വനംവകുപ്പ് നടത്തിയ പഠനത്തിൽ ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യപിച്ചു. ഇവയെ കൊല്ലുന്നതിനുളള അധികാരം ഡി.എഫ്.ഒമാർക്കും വൈൽഡ് ലൈഫ് വാർഡൻമാർക്കും നൽകിക്കൊണ്ട് ഉത്തരവിൽ ഭേദഗതി വരുത്തുകയായിരുന്നു.
>>>
'' ഉത്തരവിൽ തൃപ്തനല്ല. കൃഷിയിടത്തിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കെണിവച്ച് വീഴ്ത്താൻ കർഷകർക്ക് അനുമതി നൽകണം. പരാതിയിൻമേൽ നടപടികൾ പൂർത്തിയാക്കി ഡി.എഫ്.ഒ തോക്കുമായി വരുമ്പോഴേക്കും കാട്ടുപന്നികൾ സ്ഥലം വിടും. കെണിവച്ച് വീഴ്ത്തിയ ശേഷം വനപാലകരെ അറിയിക്കുന്നതാണ് പ്രായോഗികം.
എൻ.ദേവരാജൻ.