തിരുവല്ല: സ്വതസിദ്ധമായ നർമ്മബോധത്തിലൂടെ പകരുന്ന ഉയർന്ന തത്വചിന്തകൾ ക്രിസോസ്റ്റം തിരുമേനിയെ വേറിട്ട് നിറുത്തുന്നതായി ചലച്ചിത്രനടൻ മോഹൻലാൽ പറഞ്ഞു. മാർ ക്രിസോസ്റ്റം ഡോക്യുമെന്ററിയുടെ ഡി.വി.ഡി പ്രകാശനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യനായി, മനുഷ്യത്വമുള്ളവനായി ജീവിക്കാനാണ് മതങ്ങൾ പഠിപ്പിക്കേണ്ടതെന്ന് ഉച്ചത്തിൽ വിളിച്ചുപറയാൻ തിരുമേനിക്ക് നിർഭയം കഴിയുന്നു. ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനായി കുറെ മഹത് വ്യക്തികൾ പല കാലഘട്ടങ്ങളിൽ ഭാരതത്തിൽ ജീവിച്ചിരുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരുസ്വാമി എന്നിവർക്കൊപ്പമാണ് ക്രിസോസ്റ്റം തിരുമേനിയെയും കാണുന്നത്. എല്ലാ മതങ്ങളിലെയും ഈശ്വരന്മാർക്ക് മനുഷ്യാവതാരമാണ്. ദൈവവും മനുഷ്യനായി ജന്മമെടുത്തത് മനുഷ്യരിൽ മനുഷ്യത്വത്തെ വളർത്താനുള്ള നന്മയും ആർദ്രതയും സ്നേഹവും നിലനിറുത്താനാണെന്നു തിരുമേനി ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് അമൃതാനന്ദമയിയോടും മള്ളിയൂർ തിരുമേനിയോടും ഗാഢമായ സൗഹൃദം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്. മതപണ്ഡിതന്മാർ പലപ്പോഴും ചട്ടക്കൂടുകളിൽ നിൽക്കുന്നവരും മതവികാരം വ്രണപ്പെടുമോയെന്ന ഭീതിയിൽ സംസാരിക്കുന്നവരുമാണ്. എന്നാൽ നർമ്മത്തിലൂടെ അതിനെയെല്ലാം അതിജീവിക്കുന്ന തിരുമേനിക്ക് ആത്മീയത ഒരിക്കലും ഒരു വ്യാപാരമല്ല. അതിനെ ചൂഷണം ചെയ്തിട്ടുമില്ലെന്നും മോഹൻലാൽ പറഞ്ഞു.