1

കൊടുമൺ : അന്യസംസ്ഥാനങ്ങളിൽ നിന്ന് മറുനാടൻ ഏത്തകായകൾ വിപണികളിൽ സജീവമായതോടെ നാടൻ കായ്ക്ക് ആവശ്യക്കാരില്ലാതായത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. 3 കിലോക്ക് 100 രൂപ എന്ന വിലയിൽ മറുനാടൻ ഏത്തക്കായ് വിപണിയിൽ വിലസുകയാണ്. നാടൻ കായക്ക് കിലോയ്ക്ക് 60 രൂപ മുതൽ 70 രൂപ വരെയാണ് ഇപ്പോൾ വില. ഓണനാളുകളിൽ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ഉപ്പേരി തയ്യാറാക്കുന്നതിന് നാടൻ കുലകളാണ് അഭികാമ്യമെങ്കിലും വില കുറവ് നോക്കിയാണ് പലരും മറുനാടനെ ആശ്രയിക്കുന്നത്. തമിഴ് നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് വാഴക്കുലകൾ വഴിയോര വിപണിയിൽ വഴി വിറ്റഴിക്കുന്നുത്.

മഴയും തിരിച്ചടിയായി

ഏറെ പ്രതീക്ഷയോടെയാണ് ഏത്തവാഴ കർഷകർ ഓണ വിപണി ലക്ഷ്യമിട്ട് കടം വാങ്ങിയും പലിശക്ക് പണമെടുത്തും ഇത്തവണ കൃഷിയിറക്കിയത്. എന്നാൽ മഴ കർഷകരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ കൃഷിയിടങ്ങളിൽ ആയിര കണക്കിന് വാഴകൾ അഴുകി നശിച്ചു. കൊടുമൺ കൃഷി ഭവന്റെ കണക്കനുസരിച്ച് 2500 എത്തവാഴകൾ നശിച്ചു. ശേഷിച്ച വാഴകൾ കാട്ടുപന്നിയാക്രമണം വകവയ്ക്കാതെ ജാഗ്രതയോടെ പരിപാലിച്ച് ഓണത്തിന് വിളവെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

മറുനാടൻ ഏത്തയ്ക്കാ

3 കിലോ 100 രൂപ

നാടൻ ഏത്തയ്ക്കാ

1 കിലോ 65

ഓണ വിപണിയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വരും ദിനങ്ങളിലെങ്കിലും നാടൻ ഏത്തകുലകൾക്ക് ആവശ്യക്കാർ ഏറുമെന്ന് പ്രതീക്ഷിക്കുന്നു.

പാപ്പച്ചൻ

കർഷകൻ