പത്തനംതിട്ട : മല്ലപ്പള്ളി ഹൈസ്‌കൂൾപ്പടി -പുല്ലാട് റോഡിന് അനുവദിച്ച കേന്ദ്ര ഫണ്ട് വിനിയോഗം വൈകുന്നു. തകർന്നു തരിപ്പണമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുഃസഹമായിട്ടും നടപടികളെടുക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും വീഴ്ച വരുത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. തിരക്കേറിയ പാതയിൽ ജല അതോറിട്ടി പൈപ്പ് ഇടിൽ ജോലികൾ ആരംഭിച്ചതും മഴ പെയ്ത തോടെയുമാണ് വാഹനയാത്ര ദുഷ്‌കരമായത്. റോഡ് വികസനത്തിനായി കേന്ദ്ര റോഡ് ഫണ്ടിൽ 15 കോടി രൂപയാണ് അനുവദിച്ചത്. 2016 നവംബർ 5ന് രാജ്യസഭ ഉപാദ്ധ്യക്ഷനായിരുന്ന പ്രൊഫ.പി.ജെ.കുര്യൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിന്റെ ഫലമായി അനുവദിച്ച ഫണ്ടാണിത്. ഫണ്ട് വിനിയോഗം പൂർത്തീകരിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകാനുള്ള സമയപരിധി അവസാനിച്ചു. കഴിഞ്ഞ ജനുവരി 19നു മുമ്പായി നിർമ്മാണം പൂർത്തീകരിക്കത്തക്ക രീതിയിൽ ടെൻഡർ നടപടികളും നടത്തിയിരുന്നു. എന്നാൽ കാലതാമസം ഉണ്ടായതോടെ ഇനി ദേശീയ പാത അതോറിട്ടി റീ ടെൻഡറിലേക്ക് കടക്കണം.
പണി വൈകാൻ കാരണം
സംസ്ഥാന ജലഅതോറിട്ടി റോഡിലെ പഴയ പൈപ്പുകൾ മാറ്റി പുതിയതു സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുന്നുണ്ടെന്നറിയിച്ചതോടെയാണ് നിർമ്മാണം വൈകിയത്. പൈപ്പ് ഇടിൽ വൈകിയതും റോഡ് കുളം തോണ്ടാൻ കാരണമായി. പാത വെട്ടിപ്പൊളിച്ച് പൈപ്പ് ഇട്ടതോടെ യാത്ര ദുരിതമായി. റോഡ് നികത്തേണ്ട ജോലി പൂർത്തീകരിച്ചാൽ മാത്രമേ പൊതുമരാമത്ത് ദേശീയപാത അതോറിട്ടിക്ക് റീടെൻഡർ നടത്താൻ സാധിക്കു.
-റോഡ് വികസനത്തിന് അനുവദിച്ചത് 15 കോടി
-ഫണ്ട് വിനിയോഗം പൂർത്തീകരിക്കേണ്ട സമയം കഴിഞ്ഞു
ഇനി ചെയ്യാനുള്ളത് -ദേശീയ പാത അതോറിട്ടി റീ ടെൻഡറിലേക്ക് കടക്കണം.
പണികൾ വൈകിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണ്. ജനപ്രതിനിധികൾ പിടിവാശി ഒഴിവാക്കി നാട്ടുകാരുടെ ദുരിതം കുറയ്ക്കണം. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിയിടാൻ ഏറെ സമയമെടുത്തുവെന്നു മാത്രമല്ല, ചെയ്ത ജോലികൾ പൂർത്തീകരിക്കാൻ ഇപ്പോഴും ബന്ധപ്പെട്ട വകുപ്പു തയാറായിട്ടില്ല. ജനപ്രതിനിധികൾ ഇതിൽ ഒരു ഇടപെടിലും നടത്തുന്നില്ല.
കെ.ജി സാബു, ബോബൻ ജോൺ (പ്രദേശവാസികൾ)