അടൂർ : ജനറൽ ആശുപത്രിയിൽ ശീതീകരണ സംവിധാനങ്ങളോടുകൂടിയ ആധുനിക മോർച്ചറി പ്രവർത്തന സജ്ജമായി. ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്ന് 5.25 ലക്ഷം രൂപ ചെലവഴിച്ചാണ് ശീതീകരണ സെല്ലുകൾ സ്ഥാപിച്ചത്. 4 മൃതദേഹങ്ങൾ ഒരേസമയം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.
കൂടാതെ നഗരസഭ 7 ലക്ഷത്തോളം രൂപ ചെലവഴിച്ച് മോർച്ചറി കെട്ടിടം നവീകരിച്ചു. പരിസരം വൃത്തിയാക്കി മുറ്റം തറയോട് പാകി വൃത്തിയാക്കി. നവീകരിച്ച മോർച്ചറി 26 മുതൽ ഉപയോഗിക്കാനാകും. ഏതാനും മാസങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം ഒന്ന് തറയിൽ കിടത്തി ഉറുമ്പരിച്ചത് വിവാദമായിരുന്നു. തുടർന്നാണ് ആശുപത്രി വികസന സമിതി മോർച്ചറി നവീകരണത്തിന് മുൻകൈയെടുത്തത്. ഒപ്പം നഗരസഭയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറായി.
സൂക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ സ്വകാര്യ ആശുപ്രത്രികളിലെ മോർച്ചറികളായിരുന്നു പലപ്പോഴും ആശ്രയം. അപകടത്തിൽപ്പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം ജനറൽ ആശുപത്രിയിൽ നടത്തുമ്പോൾ മൃതദേഹം സൂക്ഷിക്കാനായി സ്വകാര്യ ആശുപത്രി മോർച്ചറികളെ ആശ്രയിക്കണമായിരുന്നു. ഇതിനാകട്ടെ ഉയർന്ന തുകയും വാടകയായി നൽകണം. ഒപ്പം സ്വകാര്യ മോർച്ചറിൽ കൊണ്ടുപോകുന്നതിന് പൊലീസിന്റെ പ്രത്യേക അനുമതിയും നേടണമായിരുന്നു. ഇത്തരത്തിലുള്ള നൂലാമാലകൾ ഒഴിവാകുന്നതിനൊപ്പം മൃതദേഹങ്ങൾ പ്രതിദിനം 500 രൂപ നിരക്കിൽ ഇനി സൂക്ഷിക്കാനാകും.
ശീതീകരണ സംവിധാനത്തോടെയുള്ള മോർച്ചറി വർഷങ്ങളായി നേരിട്ടുവന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാണ്. പുറത്തുനിന്നുള്ള മൃതദേഹങ്ങളും ഇവിടെ സൂക്ഷിക്കാം. ഇത്തരത്തിലുള്ള നിരവധി വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.
ഡോ. എസ്. സുഭഗൻ.
സൂപ്രണ്ട്, അടൂർ ജനറൽ ആശപത്രി.
ട്രോമാക്കെയർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഒരു വർഷത്തിനിടയിൽ അടൂർ ജനറൽ ആശുപ്രതിയിൽ അവശ്യം വേണ്ടുന്ന എല്ലാ അത്യാധുനിക സംവിധാനങ്ങളുമൊരുങ്ങും.
ചിറ്റയം ഗോപകുമാർ എം. എൽ. എ
മോർച്ചറി
.........................................
ശീതീകരണ സംവിധാനം
ചെലവിട്ടത് : 12.5 ലക്ഷം
ഒരേ സമയം 4 മൃതദേഹങ്ങൾ സൂക്ഷിക്കാം
പ്രതിദിനം വാടക : 500 രൂപ