temple

തിരുവല്ല: പാതയോരങ്ങൾ കൈയേറി അനധികൃത നിർമ്മാണങ്ങൾ നടത്തുന്ന കാലത്ത് റോഡിനായി ദുശാഠ്യമില്ലാതെ ചരിത്രപ്രാധാന്യമുള്ള അലങ്കാരഗോപുരം വിട്ടുനൽകി ക്ഷേത്രഭരണസമിതി മാതൃകയായി. ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്ന തോട്ടഭാഗം-ചങ്ങനാശേരി റോഡിന്റെ നിർമ്മാണത്തിനായി കവിയൂർ ഞാലിയിൽ ഭഗവതി ക്ഷേത്രത്തിന്റെ ശില്പഭംഗിയുള്ള അലങ്കാരഗോപുരമാണ് പൊളിച്ചുനീക്കിയത്. ഞാലിയിൽ അംബാവിജയം ഹിന്ദുസേവാസമിതിയുടെ അധീനതയിലുള്ളതാണ് ക്ഷേത്രം. വാസ്തു-താന്ത്രികവിധിപ്രകാരം ലക്ഷങ്ങൾ മുടക്കി അരനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച ഗോപുരമാണ് പൊതുമരാമത്ത് നിരത്തുവിഭാഗം പൊളിച്ചുനീക്കിയത്. ഞാലിക്കണ്ടം ജഗ്ഷനിൽ 12മീറ്ററോളം വീതിയാണ് റോഡിന് വേണ്ടിയിരുന്നത്. 23മീറ്റർ നീളത്തിൽ 1.70മീറ്റർ വീതിയിലും സ്ഥലം കിട്ടിയെങ്കിലേ ഇവിടെ പാതയുടെ വികസനം സാധ്യമാകൂവെന്ന വിവരം അധികൃതർ ക്ഷേത്രഭരണസമിതിയെ അറിയിച്ചു. ഇതേതുടർന്ന് നാടിന്റെ വികസനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഇരുപതോളം ഭൂഉടമകൾ സ്ഥലം വിട്ടുനൽകാതിരിക്കുകയും ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുമ്പോഴാണ് എല്ലാവരെയും അത്‌ഭുതപ്പെടുത്തി ക്ഷേത്രഭാരവാഹികൾ പൊതുയോഗം വിളിച്ചു തീരുമാനമെടുത്തത്. ഗോപുരം നിന്നതുൾപ്പെടുന്ന വസ്തുവും റോഡ് വികസനത്തിനായി വിട്ടുനൽകിയിട്ടുണ്ട്. ടി.കെ.തുളസിദാസ് പ്രസിഡന്റും പി.വി.ശശികുമാർ വൈസ് പ്രസിഡന്റും ആർ.മോഹൻകുമാർ സെക്രട്ടറിയും ആർ.രമേശ് ജോയിന്റ് സെക്രട്ടറിയും ജെ.മധുസൂദനൻനായർ ട്രഷററുമായി ഉൾപ്പെടുന്ന 15അംഗ ഭരണസമിതിയുടേതാണ് തീരുമാനം. സ്ഥലം വിട്ടുനൽകാതെ എതിർത്തു നിൽക്കുന്നവരും ക്ഷേത്ര ഭരണസമിതിയുടെ മാതൃക പിന്തുടരുമെന്ന പ്രതീക്ഷയിലാണ് അധികൃതരും. അതേസമയം പൊളിച്ച ഗോപുരത്തിന് പകരമായി കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ചു നൽകുമെന്നും മറ്റു ജോലികൾ വാസ്തുപ്രകാരം ക്ഷേത്രസമിതി പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു.