ചെങ്ങന്നൂർ: വലിച്ചെറിഞ്ഞ കുപ്പികളിൽ മനോഹര ദൃശ്യങ്ങളൊരുക്കുകയാണ് . ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ബേർഡ്‌സ് ക്ലബ് ഇന്റർനാഷണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ. പ്രളയബാധിതരെ സഹായിക്കുകയാണ് ലക്ഷ്യം.. പ്രളയത്തിന് ശേഷം തോട്ടപ്പള്ളി കടൽത്തീരത്ത് പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിച്ച് അടിഞ്ഞുകൂടിയ ഗ്ലാസ് കുപ്പികളാണ് ഇതിനായി ഇവർ ശേഖരിച്ചത്. ആയിരക്കണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളാണ് കടൽത്തീരത്ത് കിടക്കുന്നത്.ഇവ ഉപയോഗിച്ച് ബേർഡ് ഫീഡറുകൾ, അലങ്കാര വിളക്കുകൾ, ഫിഷ് ബൗളുകൾ സ്‌നേഹ സമ്മാനങ്ങൾ എന്നിവ ഒരുക്കുകയാണ് വിദ്യാർത്ഥികൾ.
ഇവ വിറ്റുകിട്ടുന്ന പണം പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം. കുപ്പികൾ കടൽത്തീരത്ത് നിന്ന് മാറ്റുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കുവാനും കഴിയും. വരും മാസങ്ങളിൽ പ്രജനനത്തിനായി തോട്ടപ്പള്ളി, പല്ലന ഭാഗങ്ങളിൽ ദേശാടനക്കാരായ കടൽ പക്ഷികളും കടലാമകളും ധാരാളമായി എത്തും. നിലവിലെ സാഹചര്യം ഈ ജീവികളുടെ അവാസ വ്യവസ്ഥയ്ക്ക് തടസമാണ്.
ഗ്ലാസ് ബോട്ടിൽ അപ്‌സൈക്ലിങ് ചലഞ്ച് എന്നാണ് ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ ബേബി, ജന്തുശാസ്ത്ര വകുപ്പ് മേധാവി ഡോ. ആനിസ് ജോസഫ് എന്നിവരുടെ പിന്തുണയോടെ സംസ്ഥാന കോർഡിനേറ്ററും സൂവോളജി വിഭാഗം അദ്ധ്യാപകനുമായ ഡോ. ആർ. അഭിലാഷാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കടലാമകളുടെ സംരക്ഷണം ലക്ഷ്യമാക്കി തോട്ടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ റൂട്‌സ് എന്ന സംഘടന
യുടെ സഹായവുമുണ്ട്.